ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നടത്തിവന്ന കോവിഡ് വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവച്ചു. അവസാനഘട്ടത്തിലെത്തിയ പരീക്ഷണമാണ് അവര്‍ നിര്‍ത്തിവച്ചത്. പരീക്ഷണ വാക്‌സിന്‍ സ്വീകരിച്ച ഒരാളില്‍ പാര്‍ശ്വഫലം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. താത്കാലികമായാണ് മൂന്നാംഘട്ട പരീക്ഷണം നിര്‍ത്തിവച്ചതെന്നാണ് വിവരം.

സെപ്റ്റംബര്‍ 23നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിന്‍ പരീക്ഷണം അവസാനഘട്ടത്തിലേക്ക് കടന്നത്. അമേരിക്കയില്‍ അടക്കം അറുപതിനായിരത്തോളം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടന്നുവന്നത്. അതേസമയം അടുത്തവര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ത്യയ്ക്ക് ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് വാക്‌സിന്‍ വിതരണം നടത്താനുള്ള പദ്ധതികള്‍ വിദഗ്ധ സംഘങ്ങളുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത് വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

വാക്‌സിന്‍ എന്ന്, എപ്പോള്‍ തയ്യാറാവുമെന്ന് കൃത്യമായി പറയാന്‍ ആകില്ല. 2021 ആദ്യ പാദത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് എല്ലാ സുരക്ഷാമുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ സുരക്ഷിതത്വം, ഉത്പാദനം, വില, വിതരണം എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്ന് വരികയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ നാല് കൊവിഡ് പ്രതിരോധ വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രാജ്യത്ത് നടന്നുവരുന്നുണ്ട്. കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും, ഈ വര്‍ഷം അവസാനത്തോടെയോ, അടുത്ത വര്‍ഷം ആദ്യത്തോടെയോ വാക്‌സിന്‍ ലഭ്യമാക്കുമെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ റഷ്യ അവര്‍ വികസിപ്പിച്ച വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. പല രാഷ്ട്രങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ പരീക്ഷണ വാക്‌സിന്‍ സ്വീകരിക്കുന്നുണ്ട്.