ചെന്നൈ: സുപ്രീംകോടതി വിധി പ്രകാരം ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ചെന്നൈയിലെത്തി. എന്നാല്‍ ചെന്നൈയിലെ വസതിയിലെത്തിയ കൊല്‍ക്കത്ത പോലീസിന് കര്‍ണ്ണനെ കാണാന്‍ കഴിയില്ല. വസതിയില്‍ കര്‍ണ്ണനുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. ജസ്റ്റിസ് കര്‍ണന്‍ രാവിലെ ആന്ധ്രയിലെ കാളഹസ്തിയിലേക്ക് തിരിച്ചതായി ചെന്നൈ പോലീസ് കൊല്‍ക്കത്ത പോലീസിനെ അറിയിച്ചു.

തുടര്‍ന്ന് ആന്ധ്രയിലേക്ക് പോകാനൊരുങ്ങുകയാണ് കൊല്‍ക്കത്തയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം. കോടതിയിലക്ഷ്യക്കേസിലാണ് ജസ്റ്റിസ് കര്‍ണന് സുപ്രീംകോടതി ആറുമാസത്തേക്ക് തടവുശിക്ഷ വിധിച്ചത്. ഇതിനെതിരെ നടത്തുന്ന പ്രസ്താവനകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇന്നലെയാണ് കോടതിവിധി പുറത്തുവന്നത്.

നേരത്തെ കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് പരിശോധനക്ക് അയച്ച മെഡിക്കല്‍ സംഘത്തെ കര്‍ണന്‍ തിരിച്ചയക്കുകയായിരുന്നു. പിന്നീട് കോടതിയലക്ഷ്യത്തിന് കേസെടുത്ത സുപ്രീംകോടതി കര്‍ണനെ ആറുമാസം ജയിലിലടക്കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ പോലീസിന് കര്‍ണനെ കണ്ടെത്താനായില്ല.