കെ. കുട്ടി അഹമ്മദ് കുട്ടി

ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് തൊഴിച്ച് വലിച്ചിഴച്ചു. അരുത്, അമ്മയാണ് എന്നാണ് ഒരു പത്രം തലക്കെട്ട് കൊടുത്തത്. അതിക്രമം അമ്മയോട് എന്ന് മറ്റൊരു പത്രം. അമ്മയെ ചവിട്ടി പാഷാണം പൊലീസ് മറ്റൊരു പത്രത്തിന്റെ തലക്കെട്ടാണിത്. അന്നേ ദിവസം എല്ലാ പത്രങ്ങളിലും ഇതേ തലക്കെട്ട് തന്നെയാണ്. കേരളം ഞെട്ടിത്തരിച്ചു പോയി. ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയതിന്റെ പേരിലാണ് ഇത് ചെയ്തത്. ഡി.ജി.പി ഓഫീസിന്റെ മുന്നില്‍ സമരം പാടില്ലെന്ന നിഷ്‌കര്‍ഷ കൊളോണിയല്‍ ഭരണക്രമത്തിന്റെ അവശിഷ്ടം ഇനിയും നമ്മളില്‍ അവശേഷിക്കുന്നുവെന്നാണ് കാണിക്കുന്നത്.
ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതും കേരളം മുഴുവന്‍ കണ്ടതാണ്. ദൃശ്യ മാധ്യമങ്ങള്‍ ഇത് മുഴുവനും കേരളത്തെ കാണിച്ചു. എന്നാല്‍ പൊലീസ് ആസ്ഥാനത്തുണ്ടായ സംഭവങ്ങളില്‍ പൊലീസിന് തെറ്റു പറ്റിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്ര ക്രൂരത സഖാവില്‍ നിന്നുണ്ടാകാന്‍ പാടില്ല. അടിയന്തരാവസ്ഥയില്‍ പൊലീസിന്റെ മര്‍ദ്ദനമുണ്ടായപ്പോള്‍ എന്തുമാത്രം പ്രതിഷേധത്തോടും ആവേശത്തോടും കൂടിയാണ് 1970ല്‍ അസംബ്ലിയില്‍ പ്രതികരിച്ചത്. ഇപ്പോള്‍ പൊലീസിനെ ന്യായീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ആദ്യ സര്‍ക്കാറിന്റെ അറുപതാം വാര്‍ഷിക ദിനത്തിലെ ഈ സംഭവം സര്‍ക്കാറിന് തീരാകളങ്കമാണുണ്ടാക്കിയത്.
കേരളത്തില്‍ ആദ്യമായി അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാറിന്റെ കാലത്താണ് തൊഴിലാളികള്‍ക്കെതിരെ ആദ്യമായി വെടിവെപ്പ് നടന്നത്. അധികാരത്തില്‍ വന്ന് ഏതാനും മാസം കഴിഞ്ഞപ്പോള്‍ കൊല്ലത്തിനടുത്ത ഒരു ഫാക്ടറിയിലെ തൊഴിലാളികള്‍ ഒരു പണിമുടക്കിലേര്‍പ്പെട്ടു. ആ ഫാക്ടറിയിലെ യൂണിയന്‍ ആര്‍.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു. പണിമുടക്ക് ഗവണ്‍മെന്റിന് എതിരായിരുന്നില്ല. ആ പ്രത്യേക ഫാക്ടറിയിലെ തൊഴിലുടമക്കെതിരായിരുന്നു. ഒരു തനി ട്രേഡ് യൂണിയന്‍ സമരം. ആ കാലത്തെ പ്രമുഖ കമ്മ്യൂണിസിറ്റ് സൈദ്ധാന്തികനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കുന്നതില്‍ പങ്കുവഹിച്ചിരുന്ന ആളുമായ കെ. ദാമോദരന്‍ ഈ സംഭവം വ്യക്തമായി ഓര്‍ക്കുന്നു. സി.പി.ഐയുടെ (അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ) സംസ്ഥാന കൗണ്‍സില്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ക്ക് വിവരം കിട്ടിയത്. പണിമുടക്കിലേര്‍പ്പെട്ട മൂന്ന് തൊഴിലാളികളെ പൊലീസ് വെടിവെച്ചു കൊന്നുവെന്ന്. ഞങ്ങള്‍ തരിച്ചിരുന്നു പോയി. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പൊലീസ് തൊഴിലാളികളെ വെടിവെച്ചു കൊല്ലുക. ഉടന്‍ തന്നെ അവിടെ സന്നിഹിതരായ സഖാക്കളില്‍ നിന്നുണ്ടായ പ്രതികരണം ഇതായിരുന്നു. വെടിവെപ്പിനെ അപലപിക്കുക. അടിയന്തരമായും അന്വേഷണത്തിന് ഉത്തരവിടുക. കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക. പണിമുടക്കിലേര്‍പ്പെട്ട തൊഴിലാളികളോട് പരസ്യമായി മാപ്പു പറയുക. ഇതായിരുന്നു ഞങ്ങളുടെ സഹചമായ വര്‍ഗ പ്രതികരണം. ചര്‍ച്ച തുടങ്ങി. അത് രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. അവസാനം എടുത്ത തീരുമാനം ആദ്യ പ്രതികരണത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു. വിമോചന സമരം കൊടിമ്പിരികൊള്ളുമ്പോള്‍ പൊലീസിനെ അക്രമിച്ചാല്‍ അവരുടെ വീര്യം തകരും. അവരുടെ ആത്മവീര്യം തകര്‍ന്നാല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടും. പൊലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ട് ഒരു പ്രമേയം പാസ്സാക്കി. പൊലീസ് നടപടിയെ ന്യായീകരികാനും ആര്‍.എസ്.പിയുടെ നിലപാടിനെ തുറന്നു കാണിക്കാനും കെ. ദാമോദരനെ ചുമതലയേല്‍പ്പിച്ചു. കെ. ദാമോദരന് ആ തീരുമാനം ദഹിച്ചിട്ടില്ല. ആ നിയോഗത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് കെ. ദാമോദരന്‍ പോയത്. ആ പ്രസംഗം നടത്തി കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് ദാമോദരന്‍ പറയുന്നത്. തന്നെ ഈ അവസ്ഥയിലെത്തിച്ച പാര്‍ട്ടി നേതാക്കളോട് ശകാര വര്‍ഷം ചൊരിയുന്നതിനു പകരം തന്റെ ഭാര്യയോട് ശകാര വര്‍ഷം ചൊരിയുകയാണ് ചെയ്തത്. പിന്നീട് പാര്‍ട്ടി നിര്‍ബന്ധിച്ചിട്ടു പോലും ദാമോദരന്‍ ആദ്യ സര്‍ക്കാറിന്റെ ഈ കിരാത നടപടിയെ ന്യായീകരിക്കാന്‍ പോയില്ല. ഇത് ആദ്യമന്ത്രിസഭയിലെ സംഭവ വികാസം.
ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മേല്‍ പൊലീസ് നടത്തിയ പരാക്രമം സര്‍ക്കാറിന്റെ പൊലീസ് നയം മനസ്സിലാക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തതാണെന്നും അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും എം.എ ബേബി പറയുന്നു. എന്തു തോന്നിവാസമാണ് ചെയ്യുന്നതെന്നാണ് ഡി.ജി.പിയെ വിളിച്ച് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. കേരളം മുഴുവനും പൊലീസ് ചെയ്തത് കണ്ടതാണ്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നു പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന്. മറ്റ് ആറുപേരാണ് കുഴപ്പമുണ്ടാക്കിയതെന്ന്. ഇനിയും ഈ ക്രൂരത തുടരണോ?