കണ്ണൂര്‍: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മരിച്ചവരുടെ പട്ടികയിലുള്ളവര്‍ നേരിട്ടെത്തി സമന്‍സ് കൈപ്പറ്റിയ സംഭവത്തില്‍ വിചിത്ര വാദവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. ഒരേ പേരിലുള്ള നിരവധി പേരുണ്ടാവുമെന്നും ഇത്തരത്തില്‍ പേരു മാറിയവരാണ് മരിച്ചവരുടെ സമന്‍സ് കൈപ്പറ്റിയതെന്ന വാദമാണ് സുരേന്ദ്രന്‍ ഉന്നയിക്കുന്നത്. സമന്‍സ് നല്‍കാനെത്തിയവരെ തെറ്റിദ്ധരിപ്പിച്ച് അതേ പേരിലുള്ളവരെ കൊണ്ട് സമന്‍സ് കൈപ്പറ്റിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിദേശത്തുള്ളവരും മരിച്ചവരും യുഡിഎഫ് സ്ഥാനാര്‍ത്ഥി പിബി അബ്ദുറസാഖിന് വോട്ടു ചെയ്തുവെന്നായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന്റെ ആരോപണം. തെളിവെടുപ്പിനായി 259 വോട്ടര്‍മാര്‍ക്കെതിരെ കോടതി സമന്‍സ് അയക്കുകയും ചെയ്തു. എന്നാല്‍ സുരേന്ദ്രന്റെ വാദം വ്യാജമാണെന്ന് തെളിയിച്ച് മരിച്ചവരെന്ന് പറഞ്ഞവരും വിദേശത്തുള്ളവരും നേരിട്ടെത്തി് സമന്‍സ് കൈപ്പറ്റിയിരുന്നു. ഇതോടെയാണ് പുതിയ വാദവുമായി സുരേന്ദ്രന്‍ രംഗത്തുവന്നത്.