കൊച്ചി: വില്‍പ്പനക്കെത്തിച്ച രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ അശോക്കുമാറിന്റെ മകന്‍ പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ്ഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്നു കടവന്ത്ര പൊലീസ് പിടികൂടിയത്. മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരുപ്പൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ചെറിയ പൊതികള്‍ ഇയാള്‍ സ്വന്തം നിലയില്‍ വില്‍പന നടത്തും. നഗരത്തിലേക്ക് വലിയതോതില്‍ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും