കോഴിക്കോട്: കമലിന് ദേശസ്‌നേഹമില്ലെന്നും കമല്‍ രാജ്യം വിട്ടുപോകണമെന്നും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം കമലിനെതിരെ പ്രതികരണവുമായെത്തിയത്.

കമല്‍ എസ്ഡിപിഐ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. നരേന്ദ്രമോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം. അതുമാത്രമാണ് കമലില്‍ പിണറായി സര്‍ക്കാര്‍ കണ്ട ഏക യോഗ്യത. രാജ്യത്തെ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനോട് കമലിന്റെ നിലപാട് രാജ്യത്തിന് യോജിച്ചതല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് കമല്‍ ദേശീയഗാനവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. എംടിക്ക് പിന്തുണ അര്‍പ്പിച്ചുള്ള പരിപാടിയിലും കമല്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം ഉന്നയിച്ചിരുന്നു. കമല്‍ ദേശീയഗാനത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. കമല്‍ രാജ്യദ്രാഹിയാണെന്നും രാജ്യം വിട്ടുപോകണമെന്നുമാണ് ബിജെപി ഉയര്‍ത്തുന്നത്.