X

നെയ്മറെ കണ്ട് പഠിക്കണം മെസി

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

ലണയല്‍ മെസിയും നെയ്മറും തമ്മിലുളള മാറ്റമെന്താണ്…? അഥവാ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള അന്തരം എന്താണ്…? രണ്ട് ടീമുകളും അടുത്ത ദിവസങ്ങളില്‍ കളിച്ചല്ലോ… അര്‍ജന്റീന മൂന്ന് ഗോളിന് തോറ്റപ്പോള്‍ ബ്രസീല്‍ രണ്ട് ഗോളിന് ജയിക്കുകയായിരുന്നു. ഇന്നലെ ബ്രസീല്‍ കോസ്റ്റാറിക്കക്കെതിരെ നേടിയ രണ്ട് ഗോളുകള്‍ നോക്കുക- നിശ്ചിത സമയമായ 90 മിനുട്ടും കഴിഞ്ഞ് അനുവദിക്കപ്പെട്ട ആറ് മിനുട്ട് ഇഞ്ച്വറി സമയത്തായിരുന്നു ഗോളുകള്‍. മല്‍സരം ഇവിടെ പൊരിവെയിലിലായിരുന്നുവെന്നോര്‍ക്കണം.

ആ സമയത്ത് രണ്ട് ഗോളുകള്‍ എന്നത് വലിയ നേട്ടമാണ്. അതിന് കാരണം മറ്റൊന്നുമല്ല-ബ്രസീല്‍ താരങ്ങളുടെ മനസ്സ് നിറയെ ഗോളുകളായിരുന്നു, വിജയമായിരുന്നു. നെയ്മറും ജീസസും വില്ലിയനും കൂട്ടീന്യോയുമെല്ലാം ഓടിക്കയറുന്നതും അവസരങ്ങള്‍ പാഴാവുമ്പോള്‍ സ്വയം ശപിക്കുന്നതും നിരാശ പ്രകടിപ്പിക്കാതെ വീണ്ടും ബോക്‌സിലേക്ക് ഓടിക്കയറുന്നതുമെല്ലാം അടങ്ങാത്ത ഗോള്‍ തൃഷ്ണയിലായിരുന്നു. അതിന്റെ റിസല്‍ട്ടാണ് അവര്‍ക്ക് രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാനായാത്. അര്‍ജന്റീനക്ക് ക്രോട്ടുകാര്‍ക്കെതിരെ അതുണ്ടായിരുന്നില്ല. ഗോള്‍ക്കീപ്പര്‍ വില്ലിയുടെ പിഴവില്‍ ആദ്യ ഗോള്‍ വീണപ്പോള്‍ തന്നെ മെസിയും സംഘവും തല താഴ്ത്തി.

കോസ്റ്റാറിക്ക മികച്ച ടീമാണ്. പ്രതിരോധം ശക്തമാണ്. ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസാവട്ടെ ലോകത്തിലെ മികച്ച കാവല്‍ക്കാരില്‍ ഒരാള്‍. അവര്‍ക്കെതിരെ ഗോള്‍ സ്‌ക്കോര്‍ ചെയ്യണമെങ്കില്‍ നിരന്തര ആക്രമണത്തിലൂടെ ലഭിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുക മാത്രമായിരുന്നു ബ്രസീലിന് മുന്നിലുളള പോംവഴി. ഈ വ്യക്തമായ ഗെയിം പ്ലാനിലാണ് പിന്‍നിരയില്‍ നിന്നും പതിവ് പോലെ കാസിമിറോയും മാര്‍സിലോയുമെല്ലാം വിംഗുകളിലുടെ പറന്ന് കളിച്ചത്. 96 മിനുട്ടും ഇവരാരും വിശ്രമത്തിന് പോയില്ല. കോസ്റ്റാറിക്കയാണ് പ്രതിയോഗികള്‍ എന്ന് കരുതി കളിയിലെ വേഗത കുറച്ചില്ല. കാലുകളാണ് മൈതാനത്ത് പന്തിനെ നിയന്ത്രിക്കുന്നതെങ്കിലും മനസ്സാണ് കാലുകളെ നയിക്കുന്നത് എന്ന സത്യത്തിന് വലിയ ഉദാഹരണമല്ലേ നെയ്മര്‍… അദ്ദേഹത്തിന് പരുക്കുണ്ട്. സര്‍ജറിയില്‍ നിന്നും മുക്തനായി വരുന്ന താരം. പഴയ വേഗതയില്‍ കളിക്കാനാവില്ല എന്നതും ഉറപ്പ്. എന്നിട്ടും കോച്ചിനോട് നിരന്തരം അദ്ദേഹം ആവശ്യപ്പെടുന്നു എനിക്ക് കളിക്കണമെന്ന്-തന്നെ പൂര്‍ണസമയം കളിക്കാന്‍ അനുവദിക്കണമെന്ന്… മനസ്സിന്റെ ആ ആവേശമാണ് അദ്ദേഹത്തിന്റെ കാലുകളെ ചലിപ്പിക്കുന്നത്. പെനാല്‍ട്ടി ബോക്‌സില്‍ ചില അഭിനയങ്ങള്‍ അദ്ദേഹം നടത്തിയത് പോലും ഗോളിന് വേണ്ടിയായിരുന്നില്ലേ…

നവാസ് മന: സാന്നിദ്ധ്യം വിടാതെ സൂക്ഷിക്കുന്ന ഗോള്‍ക്കീപ്പറാണ്. അദ്ദേഹത്ത അഭിനന്ദിക്കേണ്ടിയിരിക്കുന്നു. 90 മിനുട്ടും ആ ഗോള്‍ക്കീപ്പര്‍ വിശ്രമരഹിതനായിരുന്നു ബ്രസീലിന്റെ പത്ത് പേരും പറന്നിറങ്ങുമ്പോള്‍ ഒരു വേള പോലും കണ്ണ് പൂട്ടിയില്ല നവാസ്. പക്ഷേ ആ ഗോള്‍ക്കീപ്പര്‍ക്ക് പോലും അവസാനത്തിലെ ആ മിനുട്ടുകളില്‍ പിഴച്ചുവെങ്കില്‍ അവിടെയാണ് ഫുട്‌ബോളിലെ മനസ്സിന്റെ വിജയം. പ്രതിരോധിക്കുക എന്നതാണല്ലോ നവാസിന്റെ ജോലി. ലക്ഷ്യം നേടുക എന്നതാണ് ബ്രസീലുകാരുടെ ആവശ്യവും. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ക്ക്് പതറാതിരുന്നാല്‍ വിജയിക്കാം.

നൈജീരിയക്കാരുടെ വിജയം നോക്കുക. ഐസ്‌ലാന്‍ഡുകാര്‍ അര്‍ജന്റീനക്കാരെ വിറപ്പിച്ച് നിര്‍ത്തിയ ടീമാണ്. അതേ ഐസ്‌ലാന്‍ഡുകാര്‍ ഇന്നലെ നൈജീരിയക്കാരെ കായബലത്തില്‍ പിറകിലാക്കി. പക്ഷേ നൈജീരിയക്കാരെ നോക്കുക-അവര്‍ അതിലൊന്നും പതറിയില്ല. തലയില്‍ കൈവെച്ച് നിരാശ പ്രകടിപ്പിച്ചില്ല. അവസരങ്ങള്‍ മുന്നിലേക്ക് വരുമെന്ന വിശ്വാസത്തിലായിരുന്നില്ലേ മൂസയുടെ രണ്ട് ഗോളുകള്‍. ആദ്യ മല്‍സരത്തില്‍ ക്രോട്ടുകാര്‍ക്ക് മുന്നില്‍ പരാജയപ്പെട്ട ടീമാണ് നൈജീരിയക്കാര്‍. പക്ഷേ രണ്ടാം മല്‍സരത്തിന് വന്നപ്പോള്‍ ആ നിരാശയൊന്നും അവരില്‍ കണ്ടില്ല. അടിമുടി പോസിറ്റീവ് ഫുട്‌ബോള്‍. അവര്‍ വ്യക്തമായ മാര്‍ജിനില്‍ ജയിച്ചു. ഈ ജയം അര്‍ജന്റീനക്ക് തണലാണ്. അവസാന മല്‍സരത്തില്‍ ചൊവാഴ്ച്ച നൈജീരിയക്കാരെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ കണക്കിന്റെ കളിയിലുടെ രക്ഷ നേടാനായേക്കാം. പക്ഷേ അവിടെയും മെസിയിലെ താരം എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. ഒരു പക്ഷേ ലോകകപ്പില്‍ മെസിയുടെ അവസാന മല്‍സരമായിരിക്കാം അത്. ലോകം മുഴുവന്‍ തന്നെ കുറ്റപ്പെടുത്തുമ്പോള്‍ ഒരു മാജിക് മഹാനായ ആ താരത്തില്‍ നിന്നുണ്ടാവില്ലേ-ഉണ്ടാവും.

chandrika: