മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. ഒരു വിഭാഗം ഉയര്‍ത്തിയ ശക്തമായ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ്് കാനം രണ്ടാമതും കസേര ഉറപ്പിച്ചത്. വിഭാഗീയതയുടെ മൂര്‍ത്ത ഭാവം കണ്ട മലപ്പുറം സമ്മേളനത്തില്‍ എതിരില്ലാതെ തന്നെയാണ് കാനം ഇരിപ്പുറപ്പിച്ചത്. കെ.ഇ ഇസ്മായില്‍ പക്ഷത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അവസാനം ഉപേക്ഷിക്കേണ്ടി വന്നു. കാനം വിരുദ്ധ പക്ഷത്തെ പ്രമുഖനായ സി ദിവാകരനെ മത്സരിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ ദിവാകരന്‍ അവസാന ഘട്ടത്തില്‍ പിന്മാറുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശയുണ്ടാക്കുമെന്നും നേതാക്കള്‍ക്കിടയില്‍ വിഭാഗീയതയുണ്ടെന്ന തോന്നലുണ്ടാക്കുമെന്നും പറഞ്ഞാണ് ദിവാകരന്‍ വിട്ടുനിന്നത്.
ആദ്യം സംസ്ഥാന സമിതിയംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയ ശേഷമാണ് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കാനത്തെ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. സംസ്ഥാന കൗണ്‍സിലിലെ അംഗങ്ങളുടെ എണ്ണം 89ല്‍ നിന്ന് 96 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഒമ്പതംഗ കണ്‍ട്രോള്‍ കമ്മീഷന്‍ കമ്മിറ്റിയില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്.
ജില്ലാ കമ്മിറ്റിയില്‍ നിന്ന് സംസ്ഥാന സമിതിയിലേക്കുള്ള ക്വാട്ട തെരഞ്ഞെടുപ്പിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇടുക്കി ജില്ലാ കമ്മിറ്റിയിലും എറണാകുളം ജില്ലാ കമ്മിറ്റിയിലും തെരഞ്ഞെടുപ്പ് നടന്നു. ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്നും കാനം പക്ഷത്തെ കരുത്തന്‍ വാഴൂര്‍ സോമനെ പരാജയപ്പെടുത്തി ഇ.എസ് ബിജിമോള്‍ കൗണ്‍സിലിലെത്തി. നേരത്തെ അച്ചടക്ക നടപടി നേരിട്ട് കൗണ്‍സിലില്‍ നിന്നും പുറത്തായ ബിജിമോള്‍ ഇത്തവണ വോട്ടെടുപ്പിലൂടെയാണ് കൗണ്‍സിലില്‍ ഇടംപിടിച്ചത്. മുന്‍ എം.പിയും കെ.ഇ ഇസ്മായില്‍ പക്ഷത്തെ കരുത്തനുമായ എം.പി അച്യുതനേയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയില്ല. ഇസ്മയില്‍ പക്ഷത്തെ പ്രമുഖയായ പാലക്കാടുനിന്നുള്ള ആദിവാസി നേതാവായ ഈശ്വരി രേശന്‍ വോട്ടടുപ്പില്‍ പരാജയപ്പെട്ടു. മറ്റു ജില്ലകളിലെല്ലാം തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും അവസാനം രമ്യതയിലെത്തുകയായിരുന്നു. മലപ്പുറം ആദ്യമായി ആഥിത്യമരുളിയ സി.പി.ഐ സംസ്ഥാന സമ്മേളനം വിഭാഗീയതകൊണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇസ്്മായില്‍ കാനം പോര് രൂക്ഷമായതോടെ കേന്ദ്ര കമ്മിറ്റിവരെ ഇടപെടുന്ന അവസ്ഥയുണ്ടായി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കെ.ഇ ഇസ്്മായിലിനെതിരെ രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവുനടത്തിയെന്നും ആഢംബര ഹോട്ടലില്‍ താമസിച്ചെന്നും പാര്‍ട്ടിക്ക് മറുപടി നല്‍കിയില്ലെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തന്നെ കരിവാരിത്തേക്കാന്‍ നേതൃത്വം മെനഞ്ഞുണ്ടാക്കിയതാണ് ആരോപണമെന്നും നടപടി വേണമെന്നും ഇല്ലെങ്കില്‍ പലതും തുറന്നു പറയുമെന്നും കെ.ഇ ഇസ്മായില്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.