ബാങ്കുവിളിയെ ഇഷ്ടപ്പെടുന്നുവെന്ന് ബോളിവുഡ് താരം കങ്കണ റാനൗട്ട്. ഗായകന്‍ സോനുനിഗം ബാങ്കുവിളിയെ അധിക്ഷേപിച്ച് രംഗത്തെത്തിയതിനുപിന്നാലെയാണ് ബാങ്കുവിളിഇഷ്ടമാണെന്നും ഉച്ചഭാഷിണിയില്‍കൂടി കേള്‍ക്കാനും ഇഷ്ടമാണെന്ന് പറഞ്ഞു താരം രംഗത്തെത്തുന്നത്. നേരത്തെ പ്രിയങ്ക ചോപ്രയും ബാങ്കുവിളി കേള്‍ക്കുന്നത് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു.

‘ഞാന്‍ ബാങ്കുവിളിയെ ഇഷ്ടപ്പെടുന്നു. ഏതൊരാളേയും ഉദ്ദേശിച്ചുകൊണ്ടല്ല ഇത് പറയുന്നത്. വ്യക്തിപരമായി ബാങ്കുവിളി കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമാണ്’ കങ്കണ പറയുന്നു. ലക്‌നൗവ്വില്‍ സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോള്‍ താന്‍ ഉച്ചത്തിലുള്ള ബാങ്കുവിളി കേള്‍ക്കുന്നതിന് കാതോര്‍ത്തിരുന്നു. തനിക്ക് എല്ലാ മത ആചാരങ്ങളോടും ബഹുമാനമാണ്. പള്ളികളിലും അമ്പലങ്ങളിലും എല്ലായിടത്തും പോകാറുണ്ടെന്ന് വ്യക്തമാക്കിയ കങ്കണ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞുവെക്കുന്നു. ഇതൊരിക്കലും സോനുനിഗത്തിന്റൈ അഭിപ്രായവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ല. സോനുനിഗം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായ മാത്രമാണെന്നും അതിനെ മാനിക്കുന്നുവെന്നും ദേശീയ പുരസ്‌കാര ജേതാവുകൂടിയായ കങ്കണ പറയുന്നു.

പള്ളികളിലെ ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു സോനുവിന്റെ ട്വീറ്റ്. എന്നാല്‍ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ആതിഫ് അലി അല്‍ഖാദരിയുടെ വെല്ലുവിളിയും സോനുനിഗം ഏറ്റെടുത്ത് തലമൊട്ടയടിച്ച് എത്തി. പിന്നീട് നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സോനുനിഗത്തിന്റെ മുംബൈയിലുള്ള വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നില്ലെന്നുപോലും ബി.ബി.സി റിപ്പോര്‍ട്ടര്‍ അന്വേഷിച്ച് കണ്ടെത്തിയിരുന്നു. ഇതോടെ ഗായകന്റെ വാദം പൊളിയുകയും ചെയ്തു. സിനിമാ രംഗത്തുനിന്നുപോലും സോനുവിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചു കൂടുതല്‍ പേര്‍ രംഗത്തെത്തിയിരുന്നു.