കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ കടിക്കാലില്‍ കുറ്റിക്കാട്ടില്‍ നിന്ന് ആയുധ ശേഖരം പിടികൂടി. ആര്‍എസ്എസ് ശാഖ നടക്കുന്ന സ്ഥലത്തോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്.

വടിവാളും,മൂന്നു ഇരുമ്പ് വടികളുമാണ് പൊലിസ് കണ്ടെടുത്തത്. ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ആയുധങ്ങള്‍. ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ബി.ജെ.പി പ്രവര്‍ത്തകനായ ബസ് െ്രെഡവര്‍ അക്രമത്തിനിരയായിരുന്നു. ഇതിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലിസ് കേസെടുത്തിരുന്നു.

കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ പൊലിസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുറ്റിക്കാട്ടില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന വിവരം പൊലിസിനു ലഭിച്ചത്.

ഇതേത്തുടര്‍ന്നാണ് പൊലിസ് പരിശോധന നടത്തി ആയുധങ്ങള്‍ കണ്ടെത്തിയത്. കുശാല്‍ നഗറില്‍ ഈയടുത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് ഓഫിസില്‍ പൊലിസ് റെയ്ഡ് നടത്തിയിരുന്നു. വടിവാളും ഇരുമ്പ് ദണ്ഡും പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഹൊസ്ദുര്‍ഗ് പൊലിസ് പറഞ്ഞു.