കണ്ണൂര്‍: നവദമ്പതികളുടെ ആദ്യരാത്രി ഒളിഞ്ഞുനോക്കാന്‍ ഏണിവെച്ച് കയറിയ മധ്യവയസ്‌കനെ നാട്ടുകാര്‍ കൈയോടെ പിടികൂടി. ദമ്പതികളുടെ മുറിയിലേക്ക് കാണാനാവുന്ന വിധം വീടിന്റെ മുകളിലേക്ക് ഏണി വച്ച് കയറിയതായിരുന്നു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. ഒളിഞ്ഞു നോക്കാന്‍ വേണ്ടി നേരത്തെ തന്നെ തയ്യാറാക്കിവെച്ച ഏണി ഉപയോഗിച്ചാണ് വീടിന് മുകളില്‍ സ്ഥാനം പിടിച്ചത്. വീടിനടുത്തു തന്നെയുള്ള ആളാണ് ഇദ്ദേഹം. എന്നാല്‍ നവദമ്പതിമാര്‍ കിടപ്പുമുറിയില്‍ എത്താന്‍ വൈകിയതോടെ ഇയാള്‍ ടെറസില്‍ കിടന്ന് ഉറങ്ങിപ്പോയി.

കിടപ്പുമുറിയിലെത്തിയ വധു ഇയാളുടെ കൂര്‍ക്കംവലി കേട്ടതോടെയാണ് സംഭവമറിഞ്ഞത്. അസ്വാഭാവികമായ ശബ്ദം കേട്ട വധു വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് ഏണി മാറ്റിവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയ ശേഷമാണ് ഇയാളെ ഏണി തിരികെ എത്തിച്ച് താഴെയിറക്കിയത്.

സംഭവത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തില്ല. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.