കണ്ണൂര്‍: ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍മാനെതിരെ പോക്‌സോ കേസ്. കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെയാണ് തലശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കി.

കഴിഞ്ഞ ഒക്ടോബര്‍ 21നാണ് സംഭവം. പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചതായിരുന്നു. കൗണ്‍സിലിങ്ങിനിടെ പ്രതി പെണ്‍കുട്ടിയുടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

രഹസ്യമൊഴി നല്‍കുന്നതിനിടെ പെണ്‍കുട്ടി ഇക്കാര്യം മജിസ്‌ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് ഇ ഡി ജോസഫിനെതിരെ കേസെടുത്തത്. പരാതി വസ്തുതാ വിരുദ്ധമാണെന്ന് ഇഡി ജോസഫ് പറയുന്നു.