കോഴിക്കോട്: ലോകം നടുങ്ങിയ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ കുറിച്ച് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ നേരത്തെ അറിഞ്ഞിരുന്നെന്ന വാദവുമായി അദ്ദേഹത്തിന്റെ ശിഷ്യന്‍ രംഗത്ത്. സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാന്തപുരത്തിന്റെ അടുത്ത ശിഷ്യനും മതപണ്ഡിതനുമായ അബ്ദുള്‍ റഷീദ് സഖാഫി പത്തപ്പിരിയത്തിന്റെ പ്രസംഗം എന്ന തലക്കെട്ടോടെയാണ് ഈ ഓഡിയോ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

അമേരിക്ക സന്ദര്‍ശിക്കാന്‍ പോയ കാന്തപുരം വീസ തീരാന്‍ മൂന്നുദിവസം ബാക്കി നില്‍ക്കെ തിരിച്ചുവരണമെന്ന് വാശിപിടിക്കുകയായിരുന്നു. മൂന്നുദിവസം കൂടി കഴിഞ്ഞ് തിരികെ പോകാനായിരുന്നു ടിക്കറ്റ് എടുത്തത്. എന്നാല്‍ അന്നുതന്നെ തിരിച്ചുപോകണമെന്ന് ശിഷ്യന്‍മാര്‍ക്കു മുമ്പില്‍ കാന്തപുരം വാശി പിടിച്ചു. കാര്യമെന്തെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പിന്നീട് അദ്ദേഹം ആവശ്യപ്പെട്ടപോലെ ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിന്റെ പിറ്റേദിവസത്തെ പത്രങ്ങളുടെ പ്രധാന തലക്കെട്ട് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടു എന്നതായിരുന്നെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു. ആക്രമണം നടന്നതോടെ താടിയും തലപ്പാവും വെച്ചവരെ യു.എസില്‍ തിരഞ്ഞുപിടിച്ച് പൊലീസ് ഉപദ്രവിക്കുകയാണുണ്ടായത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കാന്തപുരം തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു.

വിഡിയോ വൈറലായെങ്കിലും ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.