തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കാന്തപുരം സുന്നി വിഭാഗം സര്‍ക്കാറുമായി ഇടയുന്നു. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ടാണ് കാന്തപുരം സര്‍ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മുന്നോക്ക സംവരണം പുനഃപരിശോധിക്കണം എന്ന തലക്കെട്ടില്‍ കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ കടുത്ത വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ ഉന്നയിക്കുന്നത്.

രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വന്‍ ചതിയാണ് മുന്നോക്ക സംവരണത്തിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. മുന്നോക്കക്കാരിലെ സാമ്പത്തിക അവശതയനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതിന് പകരം സംവരണ വിഭാഗങ്ങളെ വഞ്ചിക്കുന്ന രീതിയിലാണ് മുന്നോക്ക സംവരണം നടപ്പാക്കിയതെന്നും എഡിറ്റോറിയല്‍ പറയുന്നു. സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ രാജ്യത്തിന്റെ ചരിത്രത്തെ വെല്ലുവിളിക്കുകയാണെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരില്‍ സംഭവിച്ച വീഴ്ചകള്‍ മുന്നോക്ക സംവരണത്തിലൂടെ പരിഹരിക്കാമെന്നാണ് സിപിഎം കരുതുന്നത്. എന്നാല്‍ സിപിഎമ്മിന്റെ ഉറച്ച വോട്ടുബാങ്കായ കാന്തപുരം വിഭാഗം തന്നെ പരസ്യമായി രംഗത്ത് വന്നതിലൂടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്. കെ.എം ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിയായ ശ്രീരാം വെങ്കട്ടരാമനെ സര്‍ക്കാര്‍ രക്ഷപ്പെടുത്തിയതിലും കാന്തപുരം വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. മുന്നോക്കസംവരണം നടപ്പാക്കുമ്പോള്‍ തങ്ങളോട് ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയതും കാന്തപരും വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിലടക്കം സര്‍ക്കാറിനെ സംരക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകരെക്കാള്‍ ആവേശത്തില്‍ കാന്തപുരം വിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു. ഖുര്‍ആന്‍ കൊണ്ടുവന്നതിന് തന്നെ പ്രതിയാക്കുന്നു എന്ന കെ.ടി ജലീലിന്റെ ആരോപണം ഏറ്റവും ശക്തമായി ഏറ്റെടുത്തതും കാന്തപുരം വിഭാഗത്തിലെ സൈബര്‍ പോരാളികളായിരുന്നു. കാന്തപുരം വിഭാഗത്തിന്റെ യുവജന സംഘടന തന്നെ ജലീലിനെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഏകപക്ഷീയമായി മുന്നോക്ക സംവരണം നടപ്പാക്കിയത് സര്‍ക്കാറിന്റെ കടുത്ത അവഗണനയായാണ് കാന്തപുരം വിഭാഗം കണക്കാക്കുന്നത്. ഇത് വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് സംഘടനാ മുഖപത്രത്തിലെ എഡിറ്റോറിയലില്‍ കാന്തപുരം പക്ഷം വ്യക്തമാക്കുന്നത്.