കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സ്വര്‍ണക്കടത്ത് കേസിലെ വിവാദനായകന്‍ കാരാട്ട് ഫൈസല്‍. ട്വന്റിഫോര്‍ ന്യൂസ് ചാനലിനോടാണ് ഫൈസല്‍ ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും കാരാട്ട് ഫൈസല്‍ അവകാശപ്പെട്ടു.

കൊടുവള്ളിയിലെ 15ാം ഡിവിഷനിലാണ് സ്വതന്ത്രനായി കാരാട്ട് ഫൈസല്‍ മത്സരിക്കുന്നത്. ഇവിടെ എല്‍ഡിഎഫ് വേറെ സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളി. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസില്‍ ഫൈസലിനെ നേരത്തെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. കാരാട്ട് റസാഖ് എംഎല്എയുടെ വിശ്വസ്തനായ കാരാട്ട് ഫൈസല്‍ സിപിഎം ഉന്നത നേതാക്കളുമായി ബന്ധമുള്ള വ്യക്തിയാണ്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോള്‍ ഫൈസലിന്റെ മിനി കൂപ്പറിലായിരുന്നു സഞ്ചരിച്ചത്. സ്വര്‍ണക്കടത്ത് കേസ് സിപിഎം ഉന്നതരിലേക്ക് നീങ്ങുന്നതിന്റെ തെളിവാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്ത സംഭവം.