കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്രനായി മത്സരിക്കുന്നു. ചുണ്ടപ്പുറം ഡിവിഷനില്‍ നിന്ന് നഗരസഭയിലേക്ക് മത്സരിക്കാന്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

നേരത്തെ ഫൈസല്‍ ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് വിവാദമായതോടെ ഫൈസലിനെ സിപിഎം ജില്ലാ നേതൃത്വം വിലക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്വതന്ത്രനായ മത്സരിക്കാന്‍ ഫൈസല്‍ തീരുമാനിച്ചത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിനെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഫൈസലിന്റെ പല മറുപടികളിലും കസ്റ്റംസ് തൃപ്തരല്ല. ഇതുകൊണ്ട് തന്നെ ഇനിയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഫൈസലിനെ ഇനി സിപിഎം രഹസ്യമായി പിന്തുണക്കുമോ എന്നതും കാത്തിരിന്നു കാണേണ്ടതാണ്.