ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന ദുരന്തം രാജ്യസഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ദുരന്തം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാവാത്തതും അദ്ദേഹം വിമര്‍ശിച്ചു. വിമാനത്താവളങ്ങള്‍ അദാനിക്ക് തീറെഴുതിക്കൊടുക്കുന്ന സര്‍ക്കാരിന്റെ നടപടിക്കെതിരെയും അദ്ദേഹം വിമര്‍ശനം രേഖപ്പെടുത്തി.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിമാനത്താവളങ്ങള്‍ ലേലം ചെയ്തത്. കുറച്ചു കാലംകൂടി കഴിഞ്ഞാല്‍ വിമാനത്താവളങ്ങള്‍ മുഴുവന്‍ സ്വകാര്യ കമ്പനിക്കു കീഴിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ആറ് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെയാണ് വേണുഗോപാലിന്റെ വിമര്‍ശനം. ഒരു സ്വകാര്യ കമ്പനിക്ക് വിമാനത്താവളങ്ങള്‍ നല്‍കുന്നതില്‍ മാനദണ്ഡങ്ങളുടെ ലംഘനമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

സര്‍ക്കാര്‍ സ്വന്തം മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഉപദേശങ്ങള്‍ അവഗണിച്ചെന്നും മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് അദാനി ഗ്രൂപ്പിനെ ആറ് വിമാനത്താവളങ്ങളും നേടാന്‍ സഹായിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അദാനി ഗ്രൂപ്പിനെ സഹായിക്കുന്നതിന് വേണ്ടി വ്യവസ്ഥകള്‍ പരിഷ്‌കരിച്ചിരുന്നോയെന്നും കോണ്‍ഗ്രസ് നേതാവ് സഭയില്‍ ചോദിച്ചു.

വിമാനത്താവളങ്ങളുടെ ലേലത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് അദാനിയായി മാറുമെന്ന മുന്നറിയിപ്പും നല്‍കി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അവഗണിക്കുകയാണെന്നും മുന്‍ വ്യോമയാന സഹമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അറ് വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് പിപിപിയിലൂടെ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റില്‍ തിരുവനന്തപുരം ഉള്‍പ്പെടെ മൂന്ന് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരവും നല്‍കിയിരുന്നു. 50 വര്‍ഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാനത്തിന്റേത്.