ബംഗളൂരു: കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ തങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്ന ബിജെപിക്ക് തിരിച്ചടി. താന്‍ ബലിദാനിയല്ലെന്നും താന്‍ മരിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി പാര്‍ട്ടിപ്രവര്‍ത്തകന്‍ രംഗത്തുവന്നതോടെയാണ് ബിജെപിയെ വെട്ടിലാക്കിയത്. അശോക് പൂജാരിയെന്ന ആളാണ് ചാനലുകള്‍ക്കു മുന്നില്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ച് രംഗത്തുവന്നത്.

കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ ജിഹാദികള്‍ കൊലപ്പെടുത്തിയ ബലിദാനികള്‍ എന്ന പേരില്‍ ഉയര്‍ത്തിക്കാട്ടുന്ന 23 പ്രവര്‍ത്തകരിലൊരാളാണ് അശോക് പൂജാരി. ഉഡുപ്പിയില്‍ നിന്നുള്ള ബിജെപി നേതാവ് ശോഭാ കരന്ത്‌ലാജെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തില്‍ അശോക് പൂജാരിയുടെയും പേരുണ്ടായിരുന്നു. ഇയാള്‍ 2015 സെപ്തംബര്‍ 20ന് കൊല്ലപ്പെട്ടതായി ബി.ജെ.പി ഔദ്യോഗികമായി സ്ഥിരീകരിക്കുമ്പോഴാണ് അശോക് പൂജാരി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

2015ല്‍ ബൈക്കിലെത്തിയ ആറംഗ സംഘം അശോക് പൂജാരിയെ ആക്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ് രണ്ട് ആഴ്ച ഐ.സി.യുവില്‍ കഴിഞ്ഞ താന്‍ മരണമടഞ്ഞിരുന്നില്ല. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ബലിദാനികളുടെ പട്ടികയില്‍ പേര് അബദ്ധത്തില്‍ കടന്നുകൂടിയതാണെന്നും അശോക് പൂജാരി പറഞ്ഞു.

അബദ്ധം സംഭവിച്ചതാണെന്ന് അറിയിച്ച് ബിജെപി നേതാവ് ശോഭ കരന്ത്‌ലാജെ തന്നെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ മോദി ഉള്‍പ്പെടെയുള്ളവര്‍ 23 പേരുടെ ബാലിദാനികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തുകയായിരുന്നുവെന്നും അശോക് പൂജാരി പറഞ്ഞു. ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ബലിദാനി പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ 14 പേര്‍ മറ്റു കാരണങ്ങള്‍ കൊണ്ടാണ് മരിച്ചത്. മറ്റു ചിലരാവട്ടെ ആത്മഹത്യ ചെയ്തവരുമാണെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.