ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗൂഢ നീക്കമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്. ഇന്ന് ഉച്ചയ്ക്ക് 1.30ന് മുമ്പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജുഭായ് വാല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കോണ്‍ഗ്രസ് തള്ളി. വിശ്വാസ പ്രമേയത്തില്‍ നടപടി പൂര്‍ത്തിയാവാതെ വോട്ടെടുപ്പ് പറ്റില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് അഭ്യൂഹം പരക്കുന്നത്.

വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സ്പീക്കര്‍. അതിന്മേല്‍ മാത്രം ചര്‍ച്ച തുടരാനാണ് ഇന്ന് തീരുമാനമെന്നും വിശ്വാസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. വോട്ടെടുപ്പ് ഇന്ന് നടത്തുന്നതിനെ പറ്റി പരാമര്‍ശമില്ല. ബി.ജെ.പിയുടെ ഭാഷ തന്നെയാണ് ഗവര്‍ണര്‍ക്കുമെന്ന് നേരത്തെ കോണ്‍ഗ്രസും ജെ.ഡി.എസും വ്യക്തമാക്കിയിരുന്നു.