ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കലൈഞ്ജര്‍ കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ചെന്നൈയിലെ കാവേരി ആസ്പത്രിയിലായിരുന്നു അന്ത്യം. മരണവേളയില്‍ മകനും ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടുമായ എം.കെ സ്റ്റാലിനും കുടുംബാംഗങ്ങളും ഡി.എം.കെയുടെ മുതിര്‍ന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. അഞ്ചു തവണ സംസ്ഥാന മുഖ്യമന്ത്രി പദം അലങ്കരിച്ച മുത്തുവേല്‍ കരുണാനിധി എന്ന എം കരുണാനിധി ഏഴു പതിറ്റാണ്ടോളം തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീന ശക്തിയായിരുന്നു.

പ്രിയ നേതാവിന്റെ ആയുരാരോഗ്യത്തിനു വേണ്ടി രാപകല്‍ വ്യത്യാസമില്ലാതെ പ്രാര്‍ത്ഥനകളുമായി കാവേരി ആസ്പത്രി പരിസരത്തും ചെന്നൈയിലെ വസതിക്കു സമീപവും തടിച്ചുകൂടിയ നൂറു കണക്കിനു ഡി.എം.കെ പ്രവര്‍ത്തകരുടെ മനസ്സില്‍ തീ കോരിയിട്ടാണ് മരണവാര്‍ത്ത പുറത്തുവന്നത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

1924 ജൂണ്‍ മൂന്നിന് ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡന്‍സിക്കു കീഴിലുള്ള നാഗപട്ടണം ജില്ലയിലെ തിരുക്കൂവളൈയിലായിരുന്നു കരുണാനിധിയുടെ ജനനം. ദക്ഷിണാമൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്. സ്‌കൂള്‍ പഠന കാലത്തു തന്നെ സാഹിത്യ തല്‍പരനായിരുന്ന കരുണാനിധി 14-ാം വയസ്സില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്തു സജീവമായി. ആള്‍ സ്റ്റുഡന്‍സ് ക്ലബ്ബിലൂടെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു.

ഇവിടെനിന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. തമിഴ് ജനതക്കിടയില്‍ നിലനിന്ന ബ്രാഹ്മണാധിപത്യത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ കരുണാനിധിയെ, 1950 കളില്‍ നടന്ന കല്ലുക്കൂടി സമരമാണ് ജനനായകനായി വളര്‍ത്തിയത്. ഡാല്‍മിയ സിമന്റ് പ്ലാന്റ് സ്ഥാപിച്ചതിനു പിന്നാലെ കല്ലൂക്കുടിയുടെ പേര് ഡാല്‍മിയപുരം എന്ന് മാറ്റിയതായിരുന്നു ജനകീയ പ്രതിഷേധത്തിന് വഴി തുറന്നത്. ദക്ഷിണേന്ത്യന്‍ ജനതക്കുമേലുള്ള ഉത്തരേന്ത്യന്‍ ആധിപത്യം സ്ഥാപിക്കലായി പേരുമാറ്റത്തെ ചിത്രീകരിച്ചു നടന്ന സമരത്തില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കരുണാനിധി അറസ്റ്റിലുമായി.

തിരക്കഥാ രചനയിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും സാഹിത്യ മേഖലയിലും അനര്‍ഗമായ സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം കരുണാനിധി എന്ന പേര് സ്വീകരിച്ചതും സിനിമാ മേഖലയില്‍നിന്നായിരുന്നു. സിനിമാ മേഖലയിലെ കരുണാനിധിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. ശിവാജി ഗണേശുമായും എസ്.എസ് രാജേന്ദ്രനുമായുള്ള അടുപ്പം വലിയ നേട്ടങ്ങള്‍ സമ്മാനിച്ചു. പരാശക്തിയുടെ തിരക്കഥ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച രചനകളില്‍ ഒന്നായി. ദ്രാവിഡ മുന്നേറ്റത്തില്‍ അടിസ്ഥാനമായ തന്റെ രാഷ്ട്രീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തിരിക്കഥകളെ കരുണാനിധി പശ്ചാത്തലമാക്കി. 1952ല്‍ വലിയ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ റിലീസ് ചെയ്ത പരാശക്തി വരേണ്യ ഹിന്ദു വര്‍ഗത്തില്‍നിന്ന് ശക്തമായ എതിര്‍പ്പാണ് ക്ഷണിച്ചു വരുത്തിയത്. പണം, തങ്കരത്നം എന്നീ സിനിമകളും ഇതേ ആശയങ്ങളുമായി കരുണാനിധിയുടെ തൂലികയില്‍ പിറന്നു. തൊട്ടുകൂടായ്മക്കെതിരെയും സമീന്ദാരി സംവിധാനത്തിനെതിരെയും പേനയുന്തിയ കരുണാനിധി വിധവാ പുനര്‍ വിവാഹം പോലുള്ളവ തന്റെ സിനിമകളിലൂടെ പ്രോത്സാഹിപ്പിച്ചതോടെ ബ്രാഹ്മണ്യ മേധാവിത്വത്തില്‍നിന്ന് കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. കഥയും കവിതയും നോവലും ജീവചരിത്രവും ചരിത്ര നോവലുകളുമായി അനേക ശാഖകളായി പടര്‍ന്നു കിടക്കുന്നതാണ് കരുണാനിധിയുടെ സാഹിത്യ സംഭാവനകള്‍.

ജസ്റ്റിസ് പാര്‍ട്ടി നേതാവ് അളഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി 14ാം വയസ്സിലാണ് കരുണാനിധി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. തമിഴ് മാനവര്‍ മന്ത്രം എന്ന പേരില്‍ സ്വന്തം നാട്ടില്‍ വിദ്യാര്‍ത്ഥി സംഘടനക്കു നേതൃത്വം നല്‍കി. ആദ്യ ദ്രവീഡിയന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ മുന്നേറ്റമായിരുന്നു ഇത്. വിദ്യാര്‍ത്ഥിയായിരിക്കെ കരുണാനിധി തുടക്കം കുറിച്ച മുരസൊളി ദിനപത്രമാണ് പില്‍ക്കാലത്ത് ഡി.എം. കെയുടെ മുഖപത്രമായി വളര്‍ന്നത്.
1957ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂലിത്തലൈയില്‍നിന്ന് ജയിച്ചായിരുന്നു കരുണാനിധിയുടെ ആദ്യ നിയമസഭാ പ്രവേശം. 33ാം വയസ്സില്‍. 1961ല്‍ ഡി.എം.കെ ട്രഷററായി നിയമിതനായി. 1962ല്‍ പ്രതിപക്ഷ നേതാവും 1967ല്‍ ഡി.എം.കെ അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി. ഡി.എം.കെ സ്ഥാപക നേതാവായ അണ്ണാ ദുരൈയുടെ വിയോഗത്തെതുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തെത്തിയ കരുണാനിധി വൈകാതെ ഡി.എം. കെ അധ്യക്ഷപദവിയിലേക്കും നിയമിതനായി. പെരിയോരുടെ വിയോഗത്തെതുടര്‍ന്ന് ഒഴിച്ചിട്ട ഡി.എം.കെ അധ്യക്ഷ പദവിയില്‍ എത്തിയതോടെ തമിഴ് രാഷ്ട്രീയത്തിലെ മുടിചുടാ മന്നനായി കരുണാനിധി വളര്‍ന്നു. നേട്ടങ്ങള്‍ക്കിടയിലും തമിഴ് രാഷ്ട്രീയത്തിലെ അതികായനായ എം.ജി.ആറിനു മുന്നില്‍ കരുണാനിധി പലതവണ തോല്‍വിയറിഞ്ഞു.

1969 ഫെബ്രുവരി 10നാണ് ആദ്യ തവണ മുഖ്യമന്ത്രി പദത്തിലെത്തിയത്. നാലാം നിയമസഭയുടെ കാലത്ത്. 1971ലും 1989ലും 1996ലും 2006ലും മുഖ്യമന്ത്രി പദത്തിലെത്തി. രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. നിലവില്‍ തമിഴ്നാട് സിറ്റിങ് എം.എല്‍.എ കൂടിയാണ് കരുണാനിധി. സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരുണാനിധി സര്‍ക്കാറിനെ ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് പിരിച്ചുവിട്ടതും രാമസേതു വിവാദത്തിലെ പരാമര്‍ശങ്ങളും എല്‍.ടി.ടി.ഇ ബന്ധം സംബന്ധിച്ച വിമര്‍ശനങ്ങളും അദ്ദേഹത്തെ ഇടക്കാലത്ത് വിവാദ നായകനുമാക്കി.

തമിഴ് മുസ്ലിം ജനതയുമായി ഏറ്റവും മികച്ച സൗഹൃദം സൂക്ഷിച്ച നേതാവായിരുന്നു കരുണാനിധി. മുസ്ലിംലീഗ് നേതൃത്വവുമായും ഈ ഇഴയടുപ്പം ജീവിതാന്ത്യം വരെ അദ്ദേഹം പിന്തുടര്‍ന്നു. ഖാഇദെ മില്ലത്തിനെ ഗുരുവര്യനായി കണ്ട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉപദേശ നിര്‍ദേശങ്ങള്‍ തേടിയിരുന്ന കരുണാനിധി അന്തരിച്ച മുസ്ലിംലീഗ് പ്രസിഡണ്ട് ഇ അഹമ്മദുമായും നിലവിലെ മുസ്ലിംലീഗ് പ്രസിഡണ്ട് പ്രഫ. ഖാദര്‍ മൊയ്തീനുമായും ഊഷ്മളമായ ബന്ധമാണ് കാത്തുസൂക്ഷിച്ചിരുന്നത്. തമിഴ് രാഷ്ട്രീയത്തില്‍ ഡി.എം.കെയുടെ സഖ്യകക്ഷി കൂടിയാണ് മുസ്ലിംലീഗ്.

അണ്ണാമലൈ സര്‍വകലാശാല അദ്ദേഹത്തെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്സിറ്റിയുടെ രാജ രാജന്‍ അവാര്‍ഡും മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റും തമിഴ്നാട് മുസ്ലിം മക്കള്‍ കക്ഷിയുടെ യാരന്‍ ഇ മില്ലത്ത് (മുസ്ലിം സുഹൃത്ത്) പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ചലച്ചിത്ര മേഖലയിലെ സംഭാവനകള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങളും കരുണാനിധിയെ തേടിയെത്തിയിരുന്നു. മൂന്നു ഭാര്യമാരിലായി ആറു മക്കളും അഞ്ച് പേരമക്കളുമുണ്ട്. പത്മാവതിയാണ് ആദ്യ ഭാര്യ. ഇതില്‍ മുത്തു എന്ന മകനുണ്ട്. രണ്ടാം ഭാര്യയായ ദയാലു അമ്മാളില്‍ എം.കെ അഴഗിരി, എം.കെ സ്റ്റാലിന്‍, തമിഴരശു എന്നീ ആണ്‍മക്കളും സെല്‍വി എന്ന മകളുമുണ്ട്. മൂന്നാം ഭാര്യ രാജാത്തി അമ്മാളിലുള്ള മകളാണ് നിലവില്‍ പാര്‍ലമെന്റംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ കനിമൊഴി.