രാജേഷ് വെമ്പായം
തിരുവനന്തപുരം: ഭരണനിര്‍വഹണത്തിന്റെ കാര്യക്ഷമത വര്‍ധിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ കേരള അഡ്മിനിസട്രേറ്റീവ് സര്‍വീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഭരണഘടനാ സ്ഥാപനങ്ങളായ പി.എസ്.സി, നിയമസഭ എന്നിവിടങ്ങളിലെ ജീവനക്കാരെ തടയാന്‍ നീക്കം തുടങ്ങി. സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ചിലരാണ് ഈ നീക്കത്തിന് പിന്നില്‍. ഇതിനായി കെ.എ.എസ് സ്‌പെഷ്യല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടി ആരംഭിച്ചു. കെ.എ.എസിലേക്ക് ബൈ ട്രാന്‍സ്ഫര്‍ വഴിയുള്ള പ്രവേശനത്തിന് സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്കെന്ന പോലെ പി.എസ്.സി, നിയമസഭ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടെന്ന് സ്‌പെഷ്യല്‍ ചട്ടങ്ങളിലെ 14 (ബി) രണ്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് അശ്രദ്ധമൂലം സംഭവിച്ചതാണെന്നും ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബൈ ട്രാന്‍സ്ഫര്‍ വഴി കെ.എ.എസില്‍ പ്രവേശിക്കാനാകില്ലെന്നുമാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യേഗസ്ഥര്‍ വിശദീകരിക്കുന്നത്.
ഡിസംബറില്‍ പുറത്തിറങ്ങിയ കെ.എ.എസ് സ്‌പെഷ്യല്‍ ചട്ടങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ബൈ ട്രാന്‍സ്ഫറിനായി പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരിക്കുന്നത്. ഫെബ്രുവരി 28ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഭരണാഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബൈ ട്രാന്‍സ്ഫര്‍ വഴി കെ.എ.എസിലേക്കെത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നത്. അശ്രദ്ധമൂലം സ്‌പെഷ്യല്‍ ചട്ടം തയാറാക്കിയപ്പോള്‍ ഇക്കാര്യം കയറിക്കൂടിയതാണെന്നാണ് പൊതുഭരണവകുപ്പ് ജോയിന്റ്‌സെക്രട്ടറിയുടെ വിശദീകരണം. സ്‌പെഷ്യല്‍ ചട്ടങ്ങളില്‍ കടന്നുകൂടിയ ഈ പിശക് തിരുത്താന്‍ നടപടി തുടങ്ങിയെന്നും രേഖ വ്യക്തമാക്കുന്നു.
പി.എസ്.സി, നിയമസഭാ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാരെ എല്ലാ കാര്യങ്ങളിലും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പദവികള്‍ക്ക് തുല്യമായാണ് പരിഗണിക്കുന്നത്. ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡിവിഷണല്‍ അക്കൗണ്ടന്റ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ലീഗല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് ബൈ ട്രാന്‍സ്ഫര്‍ വഴിയുള്ള നിയമനത്തിന് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കുള്ളതുപോലെ ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അര്‍ഹതയുണ്ട്. ഇതുപോലും കണക്കാക്കാതെയാണ് പുതിയ നീക്കം. കെ.എ.എസ് സ്‌പെഷ്യല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഇനി ഏറെ സമയമെടുക്കും. ഈ സാഹചര്യത്തില്‍ കെ.എ.എസ് നിയമനം വൈകിപ്പിക്കാനുള്ള നീക്കമാണോ ഇതിനുപിന്നിലെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഡിസംബറില്‍ സ്‌പെഷ്യല്‍ ചട്ടങ്ങള്‍ നിലവില്‍ വന്നെങ്കിലും ഇതുവരെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വിവിധ സര്‍ക്കാര്‍വകുപ്പുകളിലും സെക്രട്ടേറിയറ്റിലുമുള്ള രണ്ടാമത്തെ ഗസറ്റഡ് തസ്തികകളുടെ പത്തുശതമാനമാണ് കെ.എ.എസിലെ എന്‍ട്രി കേഡറിനായി മാറ്റിവെക്കുന്നത്. കെ.എ.എസില്‍ ജൂനിയര്‍ ടൈം സ്‌കെയില്‍, സീനിയര്‍ ടൈം സ്‌കെയില്‍, സെലക്ഷന്‍ ഗ്രേഡ് സ്‌കെയില്‍, സൂപ്പര്‍ ടൈം ഗ്രേഡ് സ്‌കെയില്‍ എന്നിങ്ങനെ നാല് കാറ്റഗറികളിലെ ഓഫീസര്‍മാരാണ് ഉള്‍പ്പെടുക.