കാസര്‍കോട്: കാസര്‍കോട് അജ്ഞാത സംഘം തട്ടികൊണ്ടു പോയ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ വിട്ടയച്ചു. മഞ്ചേശ്വരം കളിയൂരിലെ അബ്ദുറഹ്മാന്‍ ഹാരിസാണ് തിരിച്ചെത്തിയത്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം, വന്‍ തുക നല്‍കിയതിനെ തുടര്‍ന്നാണ് കുട്ടിയെ മോചിപ്പിച്ചതെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചതായാണ് സൂചന.

അബ്ദുറഹ്മാന്‍ ഹാരിസിനെ സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണെന്ന് സംശയമുള്ളതായി പൊലീസ് അറിയിച്ചു. ഒന്‍പതാം ക്ലാസുകാരിയായ സഹോദരിക്കൊപ്പം സ്‌കൂളിലേക്കുപോയതാണ് ഹാരിസ്. വീട്ടില്‍ ഒരുകിലോമീറ്റര്‍ അകലെ വച്ച് കാറിലെത്തിയ സംഘം ബലമായി ഹാരിസിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സഹോദരനെ തട്ടിക്കൊണ്ടുപോയ വിവരം സഹോദരി വീട്ടുകാരെ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അബൂബക്കറിന്റെ ഒരു ബന്ധുവുമായി ഗള്‍ഫിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടിന്റെ പേരില്‍ പണം വിട്ടുകിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. മംഗളൂരുവിലെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയത്.