ദോഹ: ഗള്‍ഫ് മേഖലയിലെ പ്രഥമ കാര്‍ഷിക മാഗസിന് കത്താറയില്‍ തുടക്കംകുറിച്ചു. കത്താറയും മുറൂജ് ഖത്തര്‍ ഇനിഷ്യേറ്റീവും ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ മുറൂജ് മാഗസിന്റെ ആദ്യ പതിപ്പ് കത്താറയില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ പുറത്തിറക്കി. ഖത്തറിലും ഗള്‍ഫ് മേഖലയിലും കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍നല്‍കി പുറത്തിറക്കുന്ന ആദ്യ മാഗസിനാണിതെന്ന് മുറൂജ് ഖത്തര്‍ പ്രസിഡന്റും സ്ഥാപകയുമായ ഡോ.ലത്തീഫ ഷഹീന്‍ അല്‍നുഐമി പറഞ്ഞു. കാര്‍ഷികമേഖല നേരിടുന്ന പുതിയ വെല്ലുവിളികളുടെ വെളിച്ചത്തില്‍ ഖത്തറിലെ വിളകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ കാര്‍ഷിക മാധ്യമപ്രവര്‍ത്തനത്തിന് വലിയ പങ്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫാം ഉടമകളുടെ ആശങ്കകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉത്കണ്ഠകളും അധികൃതരിലേക്കെത്തിക്കുന്ന പാലമായും മാഗസിന്‍ വര്‍ത്തിക്കും.
ഫാം ഉടമകള്‍ക്കായുള്ള സമീപനം മാഗസിന്‍ പുലര്‍ത്തും. ദേശീയ സുരക്ഷയുടെ തന്ത്രപ്രധാനഭാഗമായും മുന്‍ഗണന നല്‍കിയും രാജ്യം ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനായി തീവ്രശ്രമങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് കാര്‍ഷിക മാധ്യമപ്രവര്‍ത്തനം സാധ്യമാക്കുന്ന മുറൂജ് മാഗസിന്‍ യാഥാര്‍ഥ്യമാകുന്നത്. സാംസ്‌കാരിക, കാര്‍ഷിക ശാസ്ത്ര മേഖലയില്‍ പുതിയ വാതിലുകള്‍ തുറക്കുന്നതാണ് പുതിയ മാഗസിനെന്ന് കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി പറഞ്ഞു.