ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലുള്ള ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച അഞ്ചാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായി. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും, നേരത്തെയുള്ള രോഗനിര്‍ണയവും കണ്‍സള്‍ട്ടേഷന്‍ സേവനങ്ങളും ലഭ്യമാക്കാനുമായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ഹാള്‍ട്ട് ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പരിശോധനയും സൗജന്യ മെഡിക്കല്‍ സേവനങ്ങളും ലഭിച്ചത്. ഹൃദയാരോഗ്യ ബോധവത്കരണ സെഷനുകളും വിദഗ്ധരുമായി ആശയവിനിമയ വേദികളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഹാര്‍ട്ട് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് മുഹമ്മദ് അല്‍ നിഅമ, ലമാ സുഹ്ദി അബൂഖലീല്‍, റഹമദ്, മുഹമ്മദ് അല്‍ അസ്മര്‍, അഹ്മദ് അല്‍ മാലികി, അബ്ദുറഹ്മാന്‍ അല്‍ ഇമാദി, ഡോ.ശൈഖ് അഹമ്മദ് അബുല്‍ മാലി, ഡോ. ബാസിം അല്‍ബിസ, ഡോ.ഉമര്‍ ഇബ്രാഹിം, ഡോ. ഫാദി ഖസാല്‍, ഡോ. ഫത്ഹി അഹമ്മദ്, ഡോ. സ്മിത അനില്‍കുമാര്‍ എന്നിവര്‍ സേവനനിരതരായി. സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, കേന്ദ്ര സമിതിയംഗം നൗഫല്‍ പാലേരി, മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ എം.എം എന്നിവരും ക്യാമ്പില്‍ പങ്കെടുത്തു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റിയും പൊതുജനാരോഗ്യവും രോഗപ്രതിരോഗ അവബോധവും വളര്‍ത്തുന്നതില്‍ വന്‍ ഫലം നല്‍കുമെന്ന് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പരിപാടി വിജയകരമാക്കാന്‍ പരിശ്രമിച്ച എല്ലാ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും വളന്റിയമാര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.