കമാല്‍ വരദൂര്‍

ജയിക്കാന്‍ കളിക്കണമിന്ന് ബ്ലാസ്‌റ്റേഴ്‌സ്. അതിന് 90 മിനുട്ടും വര്‍ധിതവിര്യം വേണം. പ്രതിയോഗികളെ മാനസികമായി ഇല്ലാതാക്കണം. കഴിഞ്ഞ ദിവസം പൂനെക്കാര്‍ കൊല്‍ക്കത്തയെ വീഴ്ത്താന്‍ പ്രകടിപ്പിച്ച ആ ധൈര്യമുണ്ടല്ലോ-അതങ്ങ് പുറത്തെടുക്കണം. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇത് വരെ കളിച്ച മല്‍സരങ്ങളിലൊന്നിലും ജയിക്കാനുറച്ചുളള പോര്‍വീര്യം കോപ്പലിന്റെ സംഘം പുറത്തെടുത്തിട്ടില്ല. രണ്ട് കളികളില്‍ തട്ടിമുട്ടി ജയിച്ചുവെന്ന് മാത്രം.

ഈ ടീം ജയിക്കുമെന്ന് തറപ്പിച്ചങ്ങ് പറയാന്‍ ആര്‍ക്കുമാവുന്നില്ല. ചിലപ്പോള്‍ നന്നായി കളിക്കും. മറ്റ് ചിലപ്പോള്‍ ദയനീയമായി നില്‍ക്കും. അവസാന മല്‍സരത്തില്‍ ഡല്‍ഹിക്ക് മുന്നില്‍ കണ്ടത് ദയനീയതയാണെങ്കില്‍ ഗോവക്കെതിരെ ഫത്തോര്‍ഡയില്‍ നടന്ന മല്‍സരത്തില്‍ പിടിച്ചു കളിച്ചിരുന്നു. ഇന്ന് വേണ്ടത് ഇതൊന്നുമല്ല-തകര്‍ത്ത് കളിക്കണം. ആരോണ്‍ ഹ്യൂസ് എന്ന നായകനും നാസോണ്‍ എന്ന മുന്‍നിരക്കാരനുമില്ലെന്നത് നേര്. ഗോവക്കാര്‍ ഭീകരന്മാരൊന്നുമല്ല.

പോരാത്തതിന് നാല് പ്രമുഖര്‍ ഇന്ന് കളിക്കുന്നമില്ല. ഗോള്‍വേട്ടക്കാരനായ ജൂലിയോ സീസര്‍, ക്യാപ്റ്റന്‍ ലൂസിയാനോ, മുന്‍നിരയില്‍ മിന്നുന്ന റെയ്‌നാള്‍ഡോ, ടീമിന്റെ കുന്തമുന ജോഫ്രെ എന്നിവര്‍ ഇല്ലാതെ വരുമ്പോള്‍ കോപ്പലിന്റെ സംഘത്തിന് ധൈര്യത്തില്‍ കളിക്കാം. കഴിഞ്ഞ തവണ ഗോവക്കാര്‍ കൊച്ചിയില്‍ വന്നപ്പോള്‍ ആദ്യം ഗോളടിച്ചത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. പക്ഷേ പിന്നെ കിട്ടിയത് അഞ്ച് ഗോളുകളായിരുന്നു. ആ ദുരന്ത സ്മരണ ഇവിടെ കളി കണ്ട പലര്‍ക്കുമുണ്ട്. ഗോവയാവട്ടെ ഇത്തവണ അവസാന സ്ഥാനക്കാരുടെ മോശം കുപ്പായത്തിലാണ്.

ജയിക്കുകയല്ലാതെ രണ്ട് ടീമുകള്‍ക്കും മറ്റ് വഴികളില്ല. പ്രത്യേകിച്ച് ബ്ലാസ്റ്റേഴ്‌സിന്. സ്വന്തം മൈതാനത്ത് അവസാനം നടന്ന മല്‍സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തെ ഉപയോഗപ്പെടുത്തണം. അതിവേഗ ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കണം.