നോര്‍ത്ത് ഈസ്റ്റിനെതിരായ ഉദ്ഘാടന മത്സരത്തിലെ തോല്‍വിയുടെ നിരാശ മറക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിന്. പ്രഥമ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച് കിരീടം ചൂടിയ ശക്തരായ കൊല്‍ക്കത്തയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍, ചാമ്പ്യന്‍മാരായ ചെന്നൈയിനെ സമനിലയില്‍ തളച്ചാണ് കൊല്‍ക്കത്തയുടെ വരവ്. മൂന്നാം പതിപ്പിലെ  ആദ്യ വിജയമാണ് ഇരുടീമുകളും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പുതിയ പുല്‍ത്തട്ടില്‍ സ്വപ്‌നം കാണുന്നത്.  ഗ്രൗണ്ടൊരുക്കുന്ന ജോലികള്‍ തുടരുന്നതിനാല്‍  ഇരുടീമുകളും ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയില്ല. ബ്ലാസ്റ്റേഴ്‌സ് രാവിലെ ചോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സന്നാഹമൊരുക്കി. ടീം ഉടമ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് കാണാന്‍ കൊച്ചിയിലെത്തും. വൈകിട്ട് 7നാണ് കിക്കോഫ്. മത്സരം തല്‍സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം.

പാഠമുള്‍കൊണ്ടു; മാറ്റങ്ങളുണ്ടാവും
ഇന്നത്ത മത്സരത്തിനുള്ള ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന്  ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ അടിവരയിട്ടു പറയുന്നു. ‘തീര്‍ച്ചയായും ടീമില്‍ മാറ്റങ്ങളുണ്ടാകും, ലീഗിന്റെ തിരക്കിട്ട ഷെഡ്യൂള്‍ മാറ്റം ആവശ്യപ്പെടുന്നുണ്ട്, സ്‌ക്വാഡിലെ എല്ലാ താരങ്ങളെയും ഉപയോഗിക്കാനാണ് ശ്രമം’, മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ നയം വ്യക്തമാക്കുന്നു. പേരുകേട്ട പ്രതിരോധ നിരയെ പോലും പ്രതികൂട്ടിലാക്കുന്നതായിരുന്നു ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരായ ടീമിന്റെ തോല്‍വി. പന്തടക്കത്തിലും മികച്ച നീക്കങ്ങളൊരുക്കുന്നതിലും ടീം പരാജയപ്പെട്ടു. പ്രതിരോധത്തിലെ പിഴവില്‍ നിന്നായിരുന്നു കറ്റ്‌സുമിയുടെ ഗോള്‍ പിറന്നത്. യുണൈറ്റഡിനെതിരെ 3-4-3 ശൈലിയില്‍ ടീമിനെ വിന്യസിച്ച സ്റ്റീവ് കൊപ്പല്‍ ഇന്ന് 4-4-2 ശൈലി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. കരിബീയന്‍ കപ്പിനുള്ള ഹെയ്തിയുടെ സാധ്യത ടീമിലുള്‍പ്പെട്ട ബെല്‍ഫോര്‍ട്ടും ഡക്കന്‍സ് നസോണും ഇന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാവും.  ലോകകപ്പ് യോഗ്യത മത്സരമല്ലാത്തതിനാല്‍ ഇരുതാരങ്ങളെയും വിട്ടു നല്‍കിയിട്ടില്ലെന്ന് കോപ്പല്‍ പറഞ്ഞു.
പോയ മത്സരത്തില്‍ മുന്‍നിരയില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച ജെര്‍മെയ്ന്‍ ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകില്ല. ചോപ്രക്കാണ് കൂടുതല്‍ സാധ്യത. റാഫിക്ക് പകരം യുവതാരം ഹോകിപിനെ പരീക്ഷിച്ചേക്കും. ബെല്‍ഫോര്‍ട്ടിന്റെ സാനിധ്യവും ടീമിന് ഗുണം ചെയ്യുമെന്ന് കോപ്പല്‍ കരുതുന്നു. വല കാക്കാന്‍ ഗ്രഹാം സ്റ്റാക്കിന് തന്നെയായിരിക്കും യോഗം. പ്രതിരോധത്തില്‍ ഹ്യൂസ്, ഹെങ്‌ബെര്‍ത്ത് ജിങ്കാന്‍ എന്നിവരുടെ സ്ഥാനം ഉറപ്പാണ്. കൊല്‍ക്കത്തയുടെ മുന്നേറ്റത്തിന് മൂര്‍ച്ചയുള്ളതിനാല്‍ കേരളം പ്രതിരോധ കോട്ടയില്‍ ഒരാളെ കൂടി വിന്യസിക്കും.

മധ്യനിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മിഡ്ഫീല്‍ഡിലായിരുന്നു ആദ്യ മത്സരത്തില്‍ ടീമിന് ഏറെ പാളിച്ച പറ്റിയത്. പന്തില്‍ നിയന്ത്രണം സ്ഥാപിക്കുന്നതില്‍ മധ്യനിര പൂര്‍ണമായും പരാജയപ്പെട്ടു. ഈ പിഴവ് തിരുത്തി ബോള്‍ കൂടുതല്‍ കൈവശം കളിക്കാനായിരിക്കും ടീം ശ്രമിക്കുകയെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ നോര്‍ത്തിനെതിരായ  മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന ഹോസു വരുന്നതോടെ മധ്യനിര ശക്തമാകും.  ലെഫ്റ്റ് ബാക്കായിട്ടായിരിക്കും ഹോസു കളിക്കുക. കഴിഞ്ഞ കളിയില്‍ സൈഡ് ബെഞ്ചിലിരുന്ന ചാഡ് താരം അസ്‌റക് മെഹ്മതും ഹോസുവിനൊപ്പം ആദ്യ ഇലവനില്‍ തന്നെ കളിച്ചേക്കും.

മാറ്റങ്ങളില്ലാതെ കൊല്‍ക്കത്ത
ശക്തമായ താരനിരയുമായി എത്തുന്ന  കൊല്‍ക്കത്തയില്‍ ഇന്ന് കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല, ചെന്നൈയിനെതിരെ കളിച്ച ടീമില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാവില്ലെന്ന് കോച്ച് ഹോസെ മൊളീന മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.  ഇയാന്‍ ഹ്യൂമും,  മാര്‍ക്വി താരം പോസ്റ്റിഗയുമായിരിക്കും ബ്ലാസ്റ്റേഴ്‌സിനെതിരെയും മുന്‍ ചാമ്പ്യന്‍മാരുടെ ആക്രമണ ചുമതല ഏറ്റെടുക്കുക. മധ്യനിരയില്‍ കളിമെനയാന്‍ കഴിഞ്ഞ കളിയിലെ ഗോള്‍ സ്‌കോററായ ദക്ഷിണാഫ്രിക്കന്‍ യുവ താരം സമീഗ് ദൗത്തിയും ബൊറിയ ഫെര്‍ണാണ്ടസും സ്റ്റീഫന്‍ പിയേഴ്‌സണുമുണ്ട്.  ശക്തമായ പ്രതിരോധ നിര ടീമിനില്ലാത്തത് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യും. പരിക്കേറ്റതിനാല്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഒഫന്റ്‌സ് നാറ്റോയുടെ സേവനം ടീമിന് ലഭിക്കില്ല. സ്പാനിഷ് താരം ഡാനി മെല്ലോയാണ് ടീമിന്റെ പ്രധാന ഗോള്‍കീപ്പറെങ്കിലും ചെന്നൈയിനെതിരെ വല കാത്ത ദേബ്ജിത് മജുംദാറിന് തന്നെ മൊളീന ഇന്നും അവസരം നല്‍കിയേക്കും.

തിരിച്ചുവരവ് സാധ്യമാണ്
ആദ്യ മത്സരത്തില്‍ തോല്‍ക്കുകയും പ്രകടനം ദയനീയമാവുകയും ചെയ്‌തെങ്കിലും  ബ്ലാസ്റ്റേഴ്‌സ് നിര ദുര്‍ബലമാണെന്ന് എഴുതി  തള്ളാനാവില്ല. പ്രഥമ സീസണിലും നോര്‍ത്ത് ഈസ്റ്റുമായി അവരുടെ തട്ടകത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ടീം പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ജയം കണ്ടില്ല. എങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ ജയവും സമനിലയും കണ്ടെത്തി ഫൈനല്‍ വരെയെത്താന്‍ ടീമിനായി. സമാനമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സൂപ്പര്‍ ലീഗില്‍ ഇതുവരെ അഞ്ചു വട്ടം ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും വിജയം കണ്ടത് കൊല്‍ക്കത്തക്കാരായിരുന്നു. കേരളത്തിന് ജയിക്കാനായാത് ഒരു തവണ മാത്രം. കഴിഞ്ഞ സീസണില്‍ രണ്ടു മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. കൊച്ചിയിലെ അവസാന മത്സരത്തില്‍ 3-2നായിരുന്നു ദാദയുടെ ടീമിന്റെ വിജയം.