തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്- 2017 ചോര്‍ന്നെന്ന് പ്രതിപക്ഷത്തിന്റെ പരാതി. ബജറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ആരോപിച്ചു. ബജറ്റിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന പേപ്പറുകളുമായാണ് ചെന്നിത്തല നിയമസഭയില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. തന്റെ ഓഫീസില്‍ നിന്നാണ് ബജറ്റിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന പേപ്പറുകള്‍ ലഭിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ബജറ്റ് അവതരണത്തിനിടെയാണ് പി.സി വിഷ്ണുനാഥും ഹൈബി ഈഡന്‍ എംഎല്‍എയും അടക്കമുളളവര്‍ ബഹളവുമായി എഴുന്നേറ്റത്. പിന്നീട് കാര്യങ്ങള്‍ വിശദീകരിച്ച് ചെന്നിത്തല രംഗത്തെത്തി. സോഷ്യല്‍മീഡിയയിലും ദൃശ്യമാധ്യമങ്ങളിലും ബജറ്റിന്റെ വിശദാംശങ്ങള്‍ അവതരണത്തിന് മുമ്പുതന്നെ പ്രചരിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു. ധനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ബജറ്റ് ചോര്‍ന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. അതുമൂലം ബജറ്റവതരണം സ്തംഭിപ്പിക്കപ്പെട്ടു. ആവശ്യമായ പരിശോധന നടത്തുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. സംഭവം ഗൗരവകരമാണെന്നും പരിശോധിക്കാമെന്നും ധനമന്ത്രി പറഞ്ഞു.