കോഴിക്കോട്: ജനകീയ വിഷയങ്ങളില്‍ നിന്ന് കമ്യൂസിറ്റ് പാര്‍ട്ടികള്‍ മാറിനടക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായിക്. കൂടംകുളം അടക്കമുള്ള ജനകീയ സമരങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ സമരം ചെയ്യുന്നവര്‍ക്ക് എതിരാണ്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏറ്റെടുത്ത് ബദല്‍ രാഷ്ട്രീയം സൃഷ്ടിക്കാനാണ് കമ്യൂണിസ്റ്റുകള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ഇടതുപക്ഷത്തിന്റെ ഭാവി’ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രഭാത് പട്‌നായിക്.

ആഗോളവത്കരണത്തിന്റെ മാറ്റങ്ങള്‍ മനസിലാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നില്ല. ലോകത്തൊട്ടാകെയുള്ള കമ്യൂണിസ്റ്റുകള്‍ ആഗോളവത്കരണത്തെകുറിച്ച് വ്യഖ്യാനിക്കുന്നത് വ്യത്യസ്തമായാണ്. മുതലാളിത്തത്തിനെതിരെ പോരാടാന്‍ കമ്യൂണിസം നിലനില്‍ക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന്റെ അപചയം നടക്കുന്ന ആധുനിക കാലത്ത് നിയന്ത്രണാത്മകമായ സോഷ്യലിസത്തിലൂടെ തിരിച്ചു പിടിക്കാന്‍ സാധിക്കണമെന്നും പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു.

ആധുനിക കാലത്ത് ജനാധിപത്യത്തെ നവീകരിക്കേണ്ടത് ആവശ്യമാണെന്ന് ചര്‍ച്ചയില്‍ സംസാരിച്ച എം.എം സോമശേഖരന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയെ ഒറ്റക്ക് സ്വാധീനിക്കാനുള്ള ശക്തി ഇടതിന് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാനകാലത്തെ ഉത്കണ്ഠകളാണ് ഇടതുപക്ഷ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചക്ക് വഴിയൊരുക്കുന്നതെന്ന് ടി.വി മധു പറഞ്ഞു. ആഴമുള്ള പ്രതിസന്ധികളാണ് ഇന്നത്തെ അവസ്ഥയില്‍ ഇടതു പക്ഷം നേരിടുന്നത്. അതിനാല്‍ തന്നെ ഇടതിന്റെ ഭാവി വിവരണാതീതമാണ്. കമ്യൂണിസ്റ്റ് തത്വങ്ങള്‍ പുനര്‍ വിഭാവനം ചെയ്താല്‍മാത്രമേ മാര്‍ക്‌സിസ്റ്റുകള്‍ക്ക് നിലനില്‍പ്പുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എം.വി നാരായണന്‍ മോഡറേറ്ററായി.