ന്യുഡല്‍ഹി: മലയാളികള്‍ക്ക് കഴിഞ്ഞ തവണ വാമന ജയന്തി ആശംസ നേര്‍ന്ന ബിജെപി ദേശീയ അധ്യക്ഷന്റെ ഇത്തവണത്തെ ആശംസ ഓണത്തിന്. കഴിഞ്ഞ വര്‍ഷം ഓണത്തിന് അമിത് ഷാ വാമനജയന്തി ആശംസ നേര്‍ന്നത് ഏറെ വിവാദമായിരുന്നു. ഓണത്തെ വാമനജയന്തിയാക്കാന്‍ സംഘപരിവാര്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കഴിഞ്ഞവര്‍ഷം അമിത് ഷാ വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രമടക്കം വാമനജയന്തി ആശംസകള്‍ ഫെയ്സ്ബുക്കിലൂടെ നേര്‍ന്നത്. എന്നാല്‍ ഇത്തവണയാകട്ടെ കഥകളിയും അത്തവും നിലവിളക്കും നിറയുന്ന ചിത്രത്തിനൊപ്പം ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ എന്നും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നുമാണ് ട്വിറ്ററിലൂടെ കുറിച്ചിരിക്കുന്നത്.

 


തിരുവോണം വാമനാവതാര ദിനമാണെന്നാണ് ആര്‍എസ്എസ് നിലപാട്. തിരുവോണം വാമനജയന്തിയാണെന്ന് മുഖപത്രം കേസരിയും പറയുന്നു. വാമന മൂര്‍ത്തിയെയാണ് ഓണത്തപ്പനായി പൂജിക്കുന്നതെന്നും മഹാബലിയെ ഓണത്തപ്പനായി തെറ്റിദ്ധരിക്കുകയാണ് ജനങ്ങളെന്നും കേസരി പറഞ്ഞതിനുശേഷമാണ് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ ശശികലയുടെ പ്രസ്താവനയും അമിത് ഷായുടെ വാമന ജയന്തി ആശംസയും കഴിഞ്ഞ വര്‍ഷം എത്തിയത്. എന്നാല്‍ ഇത്തവണ തിരുവോണത്തിന് അമിത്ഷാ ഓണാശംസകള്‍ നേരുകയാണുണ്ടായതും.