കോട്ടയം: കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം. കെവിന്‍ പുഴയില്‍ വീണതാണോ അതോ അബോധാവസ്ഥയില്‍ പുഴയില്‍ കൊണ്ടുവന്ന് ഇട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വരാന്‍ സംഭവസ്ഥലം സന്ദര്‍ശിക്കാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചു. ഇതില്‍ നിന്നുമാണ് കെവിന്റേത് മുങ്ങിമരണം തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തിയത്. ഈ റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ കെവിന്‍ രക്ഷപെടുന്നതിനിടെ പുഴയില്‍ വീണതാണോ അതോ അബോധാവസ്ഥയിലായ കെവിനെ പ്രതികള്‍ പുഴയില്‍ കൊണ്ടുവന്നിട്ടതാണോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന് ഒരു നിഗമനത്തിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംഭവം നടന്ന തെന്മലയിലെ സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധന നടത്താനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.