അശ്‌റഫ് തൂണേരി

ദോഹ: ലോകത്തിലെ പ്രശസ്ത മ്യൂസിക് ഓഡിയോ ലൈറ്റിംഗ് സിസ്റ്റം വിതരണ കമ്പനിയായ ഹാര്‍മണ്‍ പ്രഫഷണല്‍ ആഗോള തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സംഗീത മത്സരത്തില്‍ ഖത്തറിലെ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം. ഇംഗ്ലീഷ് സംഗീത രംഗത്ത് ഇതിനകം ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ച ഗായത്രി മേനോനാണ് ഓണ്‍ലൈന്‍ ലൈവ് വോട്ടെടുപ്പിലൂടെ ഒന്നാം സ്ഥാനത്തെത്തിയത്.

ലോക രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരും വിദേശികളുമായ നൂറു കണക്കിന് പേര്‍ പ്രാഥമിക റൗണ്ടില്‍ പങ്കെടുത്ത മത്സരത്തില്‍ 5 പേര്‍ അന്തിമപട്ടികയില്‍ ഇടം നേടുകയായിരുന്നു. ഇതില്‍ നിന്നാണ് ഗായത്രി വിജയി ആയത്. വാദ്യോപകരണം, വായ്പ്പാട്ട്, ബാന്‍ഡ് പ്രകടനം തുടങ്ങിയ ഇനങ്ങളാണ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടിയിരുന്നത്. ബിര്‍ള പബ്ലിക് സ്‌കൂളില്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഹോളിവുഡിലെ ലോക സംഗീത പരിപാടിയില്‍ പങ്കെടുത്ത് ശ്രദ്ധ നേടിയിരുന്നു ഈ പെണ്‍കുട്ടി. 2013 ജൂലൈ 13ന് കാലിഫോര്‍ണിയയില്‍ നടന്ന സംഗീതജ്ഞരുടെ ഒളിംപിക്‌സ് എന്ന പേരില്‍ ഖ്യാതിയുള്ള വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് (ഡബ്യൂ കോപ) മത്സരത്തില്‍ ഖത്തറുള്‍പ്പെടെ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (മെന) രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഈ മിടുക്കി പങ്കെടുത്തിരുന്നത്. വിവിധ ബാന്‍ഡുകളിലും ഗാനവിരുന്നുകളിലും ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഗാനങ്ങളാലപിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.

യോക്കാഹാമാ ഖത്തര്‍ ഡിവിഷണല്‍ മാനേജരും സംഗീതജ്ഞനുമായ തൃശൂര്‍ പാട്ടുരായ്ക്കല്‍ സ്വദേശി കരുണിന്റേയും ഖത്തര്‍ എയറനോട്ടിക്കല്‍ കോളെജ് ടെക്‌നിക്കല്‍ കോഡിനേറ്റര്‍ ബിന്ദു കെ മേനോന്റെയും മൂത്തമകളാണ് ഗായത്രി. ബിര്‍ള പബ്ലിക് സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ത്ഥിനി ഗൗരി സഹോദരിയാണ്. ആന്ധ്രാപ്രദേശിലെ സോമള മണ്ഡലലില്‍ പ്രവര്‍ത്തിക്കുന്ന ദ പീപ്പല്‍ ഗ്രോവ് സ്‌കൂളില്‍ നിന്ന് പ്ലസ്ടു പാസ്സായ ഗായത്രി അമേരിക്കയിലെ ബോസ്റ്റണിലുള്ള ബേര്‍ക്ക്‌ലി കോളെജ് ഓഫ് മ്യൂസികില്‍ സംഗീത ഉപരിപഠനത്തിനായി അടുത്തയാഴ്ച യാത്ര തിരിക്കും.