തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ ബ്രഹത് പദ്ധതികള്‍ക്കുള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിയില്‍ നിന്നും ഇതുവരെ അനുവദിച്ചത് 255 കോടി രൂപയുടെ പദ്ധതികളാണ്. ഇവയില്‍ 121.65 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലുമാണ്. പരപ്പനങ്ങാടിയില്‍ 115 കോടി രൂപയുടെ നിര്‍മാണം പുരോഗമിക്കുന്ന ഫിഷിങ് ഹാര്‍ബറിന് കിഫ്ബിയിലൂടെയാണ് തുക അനുവദിച്ചിട്ടുള്ളത്. 1.65 കോടി രൂപ ചെലവില്‍ പരപ്പനങ്ങാടിയില്‍ നിര്‍മിക്കുന്ന രജിസ്ട്രാര്‍ ഓഫീസിന് തറക്കല്ലിട്ടു.

വിദ്യാഭ്യാസ മേഖലക്കായി 22.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതില്‍ 5 കോടിയുടെ നവീകരണം നടക്കുന്ന നടുവ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണം അവസാന ഘട്ടത്തിലാണ്. പരപ്പനങ്ങാടി ജി.എല്‍.പി സ്‌കൂളിന് കെട്ടിടത്തിന് 46 ലക്ഷം, കക്കാട് ഗവണ്‍മെന്റ് സ്‌കൂള്‍ കെട്ടിടത്തിന് 1 കോടി, ജി.എം.യു.പി സ്‌കൂള്‍ കൊടിഞ്ഞി- ഒരു കോടി, ചെറുമുക്ക് ജി.എല്‍. പി സ്‌കൂള്‍-ഒരു കോടി, ജി.യു.പി സ്‌കൂള്‍ ക്ലാരി -3 കോടി, വെന്നിയൂര്‍ ജി.എം.യു.പി സ്‌കൂള്‍-3 കോടി, തൃക്കുളം ഗവ സ്‌കൂള്‍-3.25 കോടി, ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി ഗ്രൗണ്ട് നവീകരണം-3 കോടി എന്നിവ പ്രവൃത്തി ആരംഭിക്കാനിരിക്കുന്നവയാണ്.

100 കോടിയുടെ പൂക്കിപറമ്പ്-പതിനാറുങ്ങല്‍ ബൈപ്പാസിന് അനുമതി ലഭിച്ചത് കിഫ്ബിയില്‍ നിന്നാണ്. നന്നമ്പ്രയിലെ കൃഷിക്ക് ജലസേചനത്തിനും കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നവീകരിക്കുന്ന കുണ്ടൂര്‍ തോടിന് അനുവദിച്ച 15 കോടി രൂപയും കിഫ്ബിയില്‍ നിന്നാണ്. 500 ഹെക്ടറോളം പാടശേഖരത്തിലെ പുഞ്ചകൃഷിക്ക് പുറമെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകുന്ന പദ്ധതി അടുത്ത വേനലില്‍ ആരംഭിക്കാനിരിക്കുകയാണ്. വെഞ്ചാലി മുതല്‍ കുണ്ടൂര്‍ മൂലക്കല്‍ വരെ അഞ്ച് കിലോമീറ്റര്‍ നീളത്തിലുള്ള തോട് നവീകരിച്ച് സൈഡ് ഭിത്തി കോണ്‍ഗ്രീറ്റ് ചെയ്ത് സംരക്ഷിക്കാനാണ് പദ്ധതി. നിര്‍വഹണത്തില്‍ പതിവില്‍ കവിഞ്ഞ കാലതാമസം നേരിടുന്നുണ്ടെങ്കിലും ജനങ്ങള്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന പദ്ധതികള്‍ യഥാര്‍ത്ഥ്യമാക്കുന്ന തിരക്കിലാണ് എം.എല്‍.എ.