കശ്മീര്‍ തീവ്രവാദിയുടെ ശരീരം ടാറിട്ട റോഡിലൂടെ സൈന്യം വലിച്ചിഴയ്ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സൈന്യത്തിന്റെ ക്രൂര നടപടികളുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും മറ്റൊരു തെളിവ് കൂടിയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നാണ് കശ്മീര്‍ ജനത അവകാശപ്പെടുന്നത്.

ഇന്ത്യന്‍ സൈന്യത്തിന്റെ അപരിഷ്‌കൃത നടപടികള്‍ക്കെതിരെ കശ്മീരികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. ഇതിനിടെയാണ് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചുകൊണ്ട് മൂന്ന് തീവ്രവാദികളെ ദീര്‍ത്തി ഗ്രാമത്തില്‍ വെടിവെച്ച് കൊല്ലുന്നത്.

പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനായിരുന്നു ഇത്. കൊല്ലപ്പെട്ട തീവ്രവാദികളെ മുഖം കമഴ്ത്തി ചങ്ങലയിട്ട് വലിച്ച് കൊണ്ടുപോവുകയായിരുന്നു.

ഇത് ആദ്യ സംഭവമല്ല, സൈനികര്‍ക്കെതിരെ ഇത്തരം ആരോപണം ശക്തമാണ്. ഒരു ഇംഗ്ലീഷ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.സൈന്യത്തിന്റെ ഈ നടപടിക്കെതിരെ ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രമുഖര്‍ പ്രതിഷേധക്കുറിപ്പ് ഇടുന്നുണ്ട്.