കോഴിക്കോട്: മദ്യ ലഹരിയില്‍ അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സര്‍വേ വകുപ്പ് ഡയരക്ടര്‍ ശ്രീരാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ തുടക്കം മുതല്‍ പൊലീസ് ശ്രമിച്ചതായി റിപ്പോര്‍ട്ട്. അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ ധനുസമോദ് എന്ന മാധ്യമപ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇതില്‍ നിര്‍ണായകമായത്. ശ്രീരാം വെങ്കട്ടരാമനാണ് വാഹനമോടിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ മദ്യപിച്ച് കാലുകള്‍ നിലത്തുറക്കാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീയാണ് വാഹനമോടിച്ചതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. വഫ ഫിറോസ് എന്ന മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീയാണ് ഇദ്ദേഹത്തിന്റെ കൂടെയുണ്ടായത്. ശ്രീരാം വെങ്കട്ടരാമന്റെ രക്തസാമ്പിള്‍ പരിശോധിക്കാന്‍ പോലും ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നത് പൊലീസ് എത്ര ലാഘവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നാണ് വ്യക്തമാക്കുന്നത്.