ഹൈദരാബാദ്: ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചത് കൊണ്ടൊന്നും കാര്യമില്ല, കരുണിന് ടെസ്റ്റില്‍ സ്ഥിരാംഗത്വത്തിന് ഇനിയും കാത്തിരിക്കണം. ബംഗ്ലാദേശിനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ നാലാം സ്ഥാനത്ത് അജിങ്ക്യ രഹാനെ ആയിരിക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ ടീമിന് നന്നായി സേവനം ചെയ്യുന്ന കളിക്കാരനാണ് രാഹനെ, പ്രത്യേകിച്ച് ടെസ്റ്റ് ഫോര്‍മാറ്റില്‍. പരിക്കില്‍ നിന്ന് മോചിതനായ അദ്ദേഹം തന്നെയാണ് നാലാം സ്ഥാനത്ത് എന്ന് കോഹ്ലി പറഞ്ഞു.

പരിക്ക് മൂലം പുറത്തായ കളിക്കാരെ അതില്‍ നിന്ന് മുക്തമായതിന് ശേഷം പിന്തുണക്കല്‍ ടീം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമാണെന്നും കോഹ്ലി വ്യക്തമാക്കി. വിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് രഹാനെ പുറത്തായത്. രഹാനെയുടെ അഭാവം ശരിക്കും മുതലെടുത്തത് കരുണ്‍ നായരാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നു.

അന്ന് മുതലെ കരുണിന്റെ സ്ഥാനം തുലാസിലായിരുന്നു. പരിക്ക് മൂലം പുറത്തായ കളിക്കാരന്‍ തിരിച്ചെത്തിയാല്‍ പുറത്തിരിക്കേണ്ടി വരും എന്നാണ് ഇപ്പോഴത്തെ ടീം ഇന്ത്യയിലെ രീതി. അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പര രഹാനെക്ക് ഓര്‍ക്കാന്‍ അത്ര സുഖമുള്ളതല്ല. മോശം ഫോം തന്നെയാണ് കാരണം. ഹൈദരാബാദില്‍ നാളെ 9.30നാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ഒരൊറ്റ മത്സരമാണുള്ളത്. ശേഷം ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ പരമ്പര.