മുംബൈ: ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ അജിങ്ക്യ രഹാനെയെ ടെസ്റ്റ് ക്യാപ്റ്റനായി നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. വിരാട് കോഹ്ലി നയിച്ച ആദ്യ ടെസ്റ്റില്‍ 36റണ്‍സിന് തോല്‍വിയേറ്റുവാങ്ങിയ ശേഷം പിന്നീടുള്ള മൂന്ന് ടെസ്റ്റില്‍ ക്യാപ്റ്റന്‍സ്ഥാനമേറ്റെടുത്ത രഹാനെയ്ക്ക് കീഴില്‍ രണ്ട് മത്സരങ്ങളില്‍ വിജയവും ഒരുമാച്ചില്‍ സമനിലയും നേടിയിരുന്നു.

നാലാംടെസ്റ്റില്‍ പരിക്ക്മൂലം പ്രമുഖതാരങ്ങള്‍ പുറത്തായതോടെ യുവനിരയെ വെച്ചാണ് രഹാനെ വിജയംനേടിയത്. നിര്‍ണായകതീരുമാനങ്ങളിലൂടെ മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവരുന്നതിന് രഹാനെനടത്തിയ നീക്കങ്ങള്‍ പ്രശംസയേറ്റുവാങ്ങിയിരുന്നു. ഏകദിന, ട്വന്റി20 ടീം നായകനായ കോഹ്ലിയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ സ്വതന്ത്രമായി കളിക്കുന്നതിന് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നത് സഹായകരമാകുമെന്നും മുതിര്‍ന്നതാരങ്ങള്‍ പറയുന്നു. രഹാനെ ക്യാപ്റ്റനായ അഞ്ച് ടെസ്റ്റിലും ഇന്ത്യ തോറ്റിട്ടില്ലെന്ന വാദവും മുന്നോട്ട് വെക്കുന്നു.

ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളുള്ള പരമ്പര ഫെബ്രുവരി അഞ്ചിന് തുടങ്ങാനിരിക്കുകയാണ്. ചൊവ്വാഴ്ച പ്രഖ്യാപിച്ച ടീമില്‍ കോഹ്‌ലി ക്യാപ്റ്റനും രഹാനെ വൈസ് ക്യാപ്റ്റനുമാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രവിജയം നേടിയ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തണമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍ ആവശ്യപ്പെട്ടു.