സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയം ടി നടരാജന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റംകുറിയ്ക്കുമോ… ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ ആകാംക്ഷയോടെ ക്രിക്കറ്റ് ആരാധകര്‍. പരിക്കേറ്റ ഉമേഷ് യാദനിവ് പകരം ടീമിലെത്തിയ തമിഴ്‌നാടുസ്വദേശി നടരാജന്‍ അന്തിമ ഇലവിനിലുണ്ടാകുമെന്നാണ് സൂചന. ഇതിനിടെ നടരാജന്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞുനില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘വെള്ള ജഴ്‌സി ധരിക്കാനായത് അഭിമാനനിമിഷമാണ്. അടുത്ത സെറ്റ് വെല്ലുവിളിയ്ക്ക് തയാര്‍’ നടരാജന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഐ.പി.എലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ടീമിനുവേണ്ടി മിന്നും പ്രകടനം നടത്തിയതാണ് നടരാജനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുവതാരം ടെസ്റ്റ് ക്രിക്കറ്റിലും പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.