ബ്രിസ്‌ബെയിന്‍: നാലാംടെസ്റ്റില്‍ ഓസ്‌ട്രേലിയ്ക്ക് മങ്ങിയ തുടക്കം. മാര്‍നസ് ലബുഷെയ്‌ന്റെ സെഞ്ച്വറി മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 215 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ നടരാജന്‍ രണ്ടുവിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരുവിക്കറ്റും നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ്ക്ക് 17റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. ഒരുറണ്‍ എടുത്ത വാര്‍ണറെ മുഹമ്മദ് സിറാജും അഞ്ച് റണ്‍സ് എടുത്ത മാര്‍ക്കസ് ഹാരിസിനെ ശാര്‍ദുല്‍ ടാക്കൂറും മടക്കിയയച്ചു. 36 റണ്‍സ് എടുത്ത സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വാഷിംഗ്ടണ്‍ സുന്ദറിനാണ്.

45 റണ്‍സ് എടുത്ത മാത്യുവൈഡിന്റെയും സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയിന്റെയും വിക്കറ്റ് സ്വന്തമാക്കി ആദ്യദിനത്തിലെ അവസാന സെഷനില്‍ നടരാജന്‍ മികച്ച പ്രകടനം നടത്തി. ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചതോടെ ഒരു ടൂര്‍ണമെന്റിലെ എല്ലാ ഫോര്‍മാറ്റിലും അവസരംലഭിക്കുന്ന ആദ്യഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും തമിഴ്‌നാട്ടുകാരന്‍ സ്വന്തമാക്കി.
ഇരുടീമുകളും ഓരോ മത്സരം ജയിച്ച് തുല്യനിലയിലായ പരമ്പരയിലെ വിജയികളെ നിര്‍ണയിക്കുന്നതാണ് അവസാന ടെസ്റ്റ്. പരിക്കുകാരണം പ്രമുഖതാരങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.