ന്യൂഡല്‍ഹി: സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ നടന്ന വംശീയാധിക്ഷേപത്തില്‍ വിമര്‍ശനവുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. വംശീയാധിക്ഷേപം അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്ന് പറഞ്ഞ വിരാട് കോഹ്‌ലി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സിഡ്നി ടെസ്റ്റിന്റെ നാലാം ദിനവും മുഹമ്മദ് സിറാജിന് നേരെ വംശീയ അധിക്ഷേപം നടന്നിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് കോഹ്‌ലിയുടെ വിമര്‍ശനം.

‘ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ബൗണ്ടറി ലൈനില്‍ വച്ച് നിരവധി ദുരനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും ചട്ടമ്പിത്തരമാണ്. കളിക്കളത്തില്‍ വച്ച് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഖേദകരമാണ്. സംഭവത്തെ അടിയന്തര പ്രാധാന്യത്തോടെ കാണണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം’- കോഹ്ലി ട്വീറ്റ് ചെയ്തു.