മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍. ജംഷഡ്പൂര്‍ എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്. കേരള ക്ലബിന്റെ സീസണിലെ രണ്ടാംവിജയമാണ്. 67ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട്  ലാല്‍റുവാത്താര പുറത്തായതിനെ തുടര്‍ന്ന് രണ്ടാംപകുതിയില്‍ ഏറിയപങ്കും 10പേരുമായി കളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോള്‍ നേടിയത്. ഇതാദ്യമായാണ് കേരളം ജംഷഡ്പൂരിനെ കീഴടക്കിയത്.

79, 82 മിനിറ്റുകളിലായി ഇരട്ട ഗോളുകള്‍ നേടിയ ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ജോര്‍ദാന്‍ മറിയാണ് ബ്ലാസ്‌റ്റേഴ്‌സിന് ആവേശജയം സമ്മാനിച്ചത്. ഇതില്‍ രണ്ടാംഗോള്‍ ജംഷഡ്പൂരിന്റെ മലയാളിഗോള്‍കീപ്പര്‍ ടി.പി രഹ്നേഷിന്റെ പിഴവില്‍ നിന്നായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഗോള്‍ 22ാം മിനിറ്റില്‍ നമോയ്‌സെസുകോസ്റ്റ നേടി. ജംഷഡ്പൂരിനായി നെരിയൂസ് വാല്‍സ്‌കിസും(36,84) ആശ്വാസഗോള്‍ നേടി.

വിജയത്തോടെ പത്തുകളിയില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും അഞ്ച് തോല്‍വിയും സഹിതം ഒന്‍പത് പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പത്താംസ്ഥാനത്ത് തുടരും. 13 പോയന്റുമായി ജംഷഡ്പൂര്‍ അഞ്ചാമതാണ്.