കോട്ടയം: ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോട്ടയത്ത് സിപിഎമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ തര്‍ക്കം. പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയും തര്‍ക്കമുണ്ട്.

അഞ്ച് വര്‍ഷവും ജില്ലാ പഞ്ചായത്ത്, പാലാ നഗരസഭ അധ്യക്ഷ സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. എന്നാല്‍ രണ്ട് പദവികളും വീതം വെക്കണമെന്നാണ് സിപിഎം ആവശ്യം.

ആദ്യ രണ്ടര വര്‍ഷം അധ്യക്ഷ സ്ഥാനങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാം. എന്നാല്‍ ബാക്കി വര്‍ഷം തങ്ങള്‍ക്ക് വേണമെന്നാണ് സിപിഎം ആവശ്യം. പദവികള്‍ വീതം വെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യാഴാഴ്ച നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായില്ല.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വീതം വെക്കുന്നതിലെ തര്‍ക്കമാണ് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിടുന്നതിന് കാരണമായത്. എല്‍ഡിഎഫിലെത്തിയപ്പോഴും തര്‍ക്കം തുടരുന്നത് കേരള കോണ്‍ഗ്രസ് അണികളില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്.

പാലാ നഗരസഭയില്‍ ആദ്യമായാണ് എല്‍ഡിഎഫിന് അധ്യക്ഷ സ്ഥാനം ലഭിക്കുന്നത്. പാലാ നഗരസഭ അധ്യക്ഷ സ്ഥാനം യുഡിഎഫിലായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് എം പങ്കുവെക്കാറില്ല. രണ്ട് പദവികളും തങ്ങള്‍ക്ക് തന്നെ വേണം. അതേ സമയം മറ്റു ജില്ലകളില്‍ തങ്ങള്‍ അധ്യക്ഷ സ്ഥാനങ്ങളില്‍ അവകാശം ഉന്നയിക്കില്ലെന്നാണ് കേരള കോണ്‍ഗ്രസ് എം പറയുന്നത്.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ഒരു ടേം തങ്ങള്‍ക്ക് വേണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പങ്കുവെക്കുന്നതില്‍ തീരുമാനമെടുക്കാറുള്ളത്. അവിടെ പ്രശ്‌നം തീരാത്തത് കൊണ്ടാണ് ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.