ദോഹ: വെസ്‌റ്റേണ്‍ യുണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ഖിഫ് പത്താമത് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കെ.എം.സി.സി മലപ്പുറത്തെ സഡന്‍ഡത്തിലൂടെ കെ.എം.സി.സി കോഴിക്കോട് തോല്‍പ്പിച്ചു. ഏറെ സമ്മര്‍ദ്ദങ്ങളോടെയാണ് ഇരുടീമുകളും കളിതുടങ്ങിയത്. ആക്രമണ പ്രത്യാക്രമണങ്ങളുമായി കളി മുറുകവെ ഗോള്‍ മണമുള്ള ഒട്ടേറെ സുവര്‍ണാവസരങ്ങള്‍ ഇരു ഗോള്‍മുഖത്തും മിന്നിമറഞ്ഞു. കെ.എം.സി.സി. മലപ്പുറത്തിനായിരുന്നു മേല്‍കൈ എങ്കിലും അവരുടെ മുന്നേറ്റങ്ങള്‍ക്കൊന്നും കോഴിക്കോടന്‍ പ്രതിരോധനിരയെ ഭേദിക്കാനായില്ല. കളിയുടെ 58ാം മിനുട്ടില്‍ മലപ്പുറത്തിനു ലഭിച്ച പെനാല്‍റ്റി കിക്ക് 15ാം നമ്പര്‍ താരം നസ്‌റുദ്ദീന്‍ പാഴാക്കിയതോടെ സ്‌റ്റേഡിയം ഒന്നാകെ സ്തംബ്ധരായി. 60 മിനുട്ട് സമയം പൊരുതിക്കളിച്ചിട്ടും വിജയികളെ തീരുമാനിക്കാനാകാത്തതിനാല്‍ കളി അധികസമയത്തിലേക്ക് നീങ്ങി. പത്തുമിനുട്ട് അധികസമയത്തിലും കളി അവസാനിപ്പിക്കാനായില്ല. ഒടുവില്‍ ടൈബ്രേക്കറിലൂടെയൂം വിജയികളെ തീരുമാനിക്കാനാവാതെ വന്നപ്പോള്‍ സഡന്‍ഡത്തിലൂടെ കെ.എം.സി.സി. കോഴിക്കോട് വിജയിച്ചു. ടൂര്‍ണ്ണമെന്‍ിന്റെ ചരിത്രത്തിലാദ്യമായി കെ.എം.സി.സി. മലപ്പറം സെമി കാണാതെ പുറത്തുപോയി. സെമിഫൈനലില്‍ മംവാഖ് മലപ്പുറവുമായാണ് കോഴിക്കോടിന്റെ മത്സരം.