നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൂര്‍ണമായും പൊളിച്ച് മാറ്റി. ഗതകാലപ്രൗഢിയോടെ തലയുയർത്തിനിന്ന പാലത്തെ കാലങ്ങളായി അധികൃതര്‍ തിരിഞ്ഞുനോക്കാതിരുന്നതോടെ, ഇന്നലെയുണ്ടായ അപകടമാണ് ചരിത്രശേഷിപ്പ് പൊടുന്നെ പൊളിച്ചു നീക്കുന്നതിലേക്ക് എത്തിച്ചത്. എന്നാല്‍ കോഴിക്കോടിന്റെ പൈതൃക പദ്ധതിയുടെ ഭാഗമാക്കി പുനര്‍നിര്‍മിക്കാന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് കടല്‍പ്പാലം പൂര്‍ണമായും നീക്കിയത്. കടല്‍പ്പാലം പുനര്‍നിര്‍മാണം സംബന്ധിച്ച് പരിശോധന നടത്തണമെന്നും പാലവുമായി ബന്ധപ്പെട്ട് കടലിനടിയില്‍ എന്തൊക്കെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തണമെന്നുമുള്ള വിദഗ്ധരുടെ ആവശ്യം നിലനില്‍ക്കെയാണ് നടപടി.

അതേസമയം സിനിമാ ഷൂട്ടിങുകള്‍ പോലും നടക്കുന്ന പാലം സംരക്ഷിക്കാന്‍ സംരക്ഷിക്കാന്‍ ശ്രമിക്കാതെ പൂര്‍ണമായും പൊളിച്ച് മാറ്റിയതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ബീച്ച് ലൈഫ് ഗാര്‍ഡുകളുടെ നിയന്ത്രണം ഉണ്ടെങ്കിലും ഇത് ലംഘിച്ചാണ് കടല്‍പ്പാലത്തിന് മുകളില്‍ ആളുകള്‍ കയറാറുള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് പാലത്തില്‍ വെച്ച് ടൊവിനോ തോമസിന്റെ സിനിമാ ചിത്രീകരണം നടന്നിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതികരിച്ചെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.

എന്നാല്‍ ഇന്നലത്തെ അപകടം കടല്‍പ്പാലം പൂര്‍ണമായും പൊളിച്ചുനീക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് പാലം തകര്‍ന്നു വീണ് അപകടമുണ്ടായത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട്ടെ വ്യാപര മേഖലയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ പാതയായിരുന്നു സൗത്ത് ബീച്ചിലെയും നോര്‍ത്ത് ബീച്ചിലേയും കടല്‍പ്പാലങ്ങള്‍. 1840 ലാണ് ആദ്യമായി ഇവിടെ നിന്നും ചരക്ക് നീക്കം ആരംഭിക്കുന്നത്. തുടര്‍ന്ന് 1870ഓടെ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 1989വരെ ഇതുവഴി ചരക്ക് നീക്കം നടന്നിരുന്നതായാണ് വിവരം. ബേപ്പൂര്‍ പോര്‍ട്ട് സജിവമായതോടെയാണ് ഈ വഴിയുള്ള വ്യാപര ബന്ധം നിലച്ചത്.

https://youtu.be/LJxeNOsh3pg

ചരക്കുനീക്കം നിലച്ചെങ്കിലും കോഴിക്കോട്ടെ വ്യാപര ബന്ധത്തിന്റെ ചരിത്ര സ്മാരകമായ സംരക്ഷിച്ചു വരികയായിരുന്നു. അന്‍വര്‍ റഷീദിന്റെ ചിത്രമായ ഉസ്താദ് ഹോട്ടലിലെ ചിത്രീകരണം നടന്നത് നോര്‍ത്ത് പാലത്തില്‍ വെച്ചായിരുന്നു. ഇരുപാലങ്ങളും പൊളിച്ച് മാറ്റിയതോടെ ഇനി അവശേഷിക്കുന്നത് ഇരുമ്പ് തുണുകള്‍ മാത്രമാണ്.