എ.വി ഫര്‍ദിസ്‌

സത്യനും നസീറും മധുവുമെല്ലാം വെള്ളിത്തിരയില്‍ നിറഞ്ഞു കാണുമ്പോഴും മലബാറിലെ പഴയ സിനിമാകൊട്ടകകളിലെത്തുന്ന കാഴ്ചക്കാര്‍ ആകാംക്ഷയോടെ സ്‌ക്രീനില്‍ പ്രതീക്ഷിച്ചിരുന്ന മൊഞ്ചുള്ള ഒരു മുഖമുണ്ടായിരുന്നു, പല സിനിമകളിലും ദുഷ്ട കഥാപാത്രമായിരുന്നെങ്കിലും കെ.പി ഉമ്മര്‍ എന്ന സുന്ദരവില്ലനായിരുന്നു അത്. സിനിമകളോട് അധികം താല്‍പര്യമില്ലാത്ത കോഴിക്കോട് തെക്കേപ്പുറത്തെ നാട്ടുകാര്‍ക്കുപോലും അന്ന് സിനിമയോട് ചെറിയ ഇഷ്ടമുണ്ടാക്കിയിരുന്ന ഒന്ന് നാട്ടുകാരനായിരുന്ന കെ.പി ഉമ്മറിന്റെ വെള്ളിത്തിരയിലെ സാന്നിധ്യം കൂടിയായിരുന്നു.

കോഴിക്കോടിന്റെ പഴയകാല വാണിജ്യ തെരുവായ ഹലുവ ബസാറിലെ കച്ചിനാംതൊടുക പുതിയപുരയില്‍ ഉമ്മര്‍ എന്ന കെ.പി ഉമ്മര്‍ മലയാളസിനിമയില്‍ കോഴിക്കോടിന്റെ പ്രധാന സംഭാവനകളായി മലയാളി വിലയിരുത്തുന്ന കുഞ്ഞാണ്ടി, ബാലന്‍ കെ നായര്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, കുതിരവട്ടം പപ്പു തുടങ്ങിയവരെപ്പോലെ ഒരുപക്ഷേ ഇവരെക്കാളെല്ലാമപ്പുറം സത്യന്റെയും നസീറിന്റെയും കാലത്ത്തന്നെ മലയാള സിനിമാലോകത്ത് മുഴക്കമുള്ള തന്റേതായ ശബ്ദംകൊണ്ട് ഈ നായകരോടൊപ്പം തന്നെ കയറിനില്‍ക്കാന്‍ പലപ്പോഴും സാധിച്ച നടനായിരുന്നു. കോഴിക്കോട്ടുകാരനാണെന്നതില്‍ ഏറെ അഭിമാനിക്കുകയും അത് തന്റെ സിനിമാലോകത്തെ സതീര്‍ഥ്യരോട് അഭിമാനത്തോടെ പറയുകയും ചെയ്തിരുന്നു ഉമ്മര്‍. സിനിമാക്കാര്‍ക്കിടയില്‍ കെ.പി ഉമ്മര്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അതാ ഉമ്മുക്കയുടെ, കോഴിക്കോടന്‍ ബഡായി തുടങ്ങുകയായി എന്നൊരു ചൊല്ലുതന്നെയുണ്ടായിരുന്നു!. ഇതുകൊണ്ടുതന്നെയാണ് ഒരുകാലംവരെ സിനിമാക്കാര്‍ക്കിടയില്‍ കോഴിക്കോടിന്റെ കലാകാരന്മാരില്‍ പ്രഥമസ്ഥാനീയനായി ഉമ്മര്‍ മാറിയതും.

കെ.ടിയുടെ നാടകങ്ങളിലൂടെ നാടകരംഗത്ത് സജീവമായപ്പോഴും അവിടെനിന്ന് കെ.പി. എ.സിയിലെ മുഴുസമയ നായകനായപ്പോഴും കോഴിക്കോട് നടക്കാവില്‍ തന്നെയായിരുന്നു താമസം. പിന്നീട് സിനിമയില്‍ സജീവമായപ്പോഴാണ് മദിരാശിയിലേക്ക് കൂടുമാറുന്നത്. എങ്കിലും മരണം വരെ കിട്ടുന്ന വേദികളിലെല്ലാം കോഴിക്കോടിന്റെ നന്മകളെക്കുറിച്ചും കുറ്റിച്ചിറയെക്കുറിച്ചും ഇവിടത്തെ ഫുട്ബാള്‍ ഗ്രൗണ്ടുകളെക്കുറിച്ചുമെല്ലാം വാചാലനായ കോഴിക്കോട്ടുകാരനായിരുന്നു. ഉണ്ടകണ്ണുകള്‍കൊണ്ടുള്ള തീഷ്ണമായ നോട്ടത്തിലൂടെയും ആശ്ചര്യം നിറഞ്ഞ സംഭാഷണത്തിലൂടെയും കാഴ്ചക്കാരന്റെ മനസ്സില്‍ സ്ഥാനംപിടിച്ച ഇദ്ദേഹത്തിന് ബലാത്സംഗ വീരന്‍ എന്നൊരു ദുഷ്‌പേര് താന്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങളിലൂടെ ലഭിച്ചിരുന്നെങ്കിലും ജീവിതത്തില്‍ പാവത്താനായിരുന്നു.

എന്തും വെട്ടിത്തുറന്നുപറയുന്ന ഉമ്മറിന്റെ സംസാരം സിനിമയില്‍ മാത്രമല്ല, യഥാര്‍ഥ ജീവിതത്തിലും പലപ്പോഴും വില്ലന്‍ എന്ന പരിവേഷം ചാര്‍ത്തികൊടുക്കുകയായിരുന്നു. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും തുറന്നുപറയുമായിരുന്നു ഉമ്മര്‍. അഡ്ജസ്റ്റ്‌മെന്റുകളുടെ കാലത്ത് പലപ്പോഴും ഇത് അദ്ദേഹത്തിന് വിനയായി മാറിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സിനിമാഅവാര്‍ഡ്‌പോലുള്ളവ സ്വാധീനക്കാര്‍ക്ക്മാത്രം ലഭിക്കുന്ന കാലത്ത് തികച്ചും ജൂനിയറായ ഒരു നടന് എല്ലാവിധ മാനദണ്ഡവും കാറ്റില്‍പറത്തിക്കൊണ്ട് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചതില്‍ ദേഷ്യപ്പെട്ടുതന്നെ അവാര്‍ഡിന് പരിഗണിക്കരുതെന്ന് കെ.പി ഉമ്മര്‍ കത്തെഴുതി. പി.ആര്‍.ഡിയിലെയോ സാംസ്‌കാരിക വകുപ്പിലെയോ ഉന്നതനായ വ്യക്തി ആ കത്ത് സൂക്ഷിക്കുകയും ഏതെങ്കിലും ജൂറി പിന്നീട് കെ.പി ഉമ്മറിനെയും പരിഗണിക്കുമ്പോള്‍, ഈ പഴയ കത്തെടുത്ത് കാണിക്കുകയും പലപ്പോഴും അദ്ദേഹം നിരസിക്കുമെന്ന് പറഞ്ഞ് കമ്മിറ്റി അംഗങ്ങളെ അവാര്‍ഡ് പ്രഖ്യാപിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു. തിക്കോടിയനോ മറ്റോ അവാര്‍ഡ് ജൂറി മെമ്പറായ സമയത്ത് അദ്ദേഹമായിരുന്നു ഇക്കാര്യം ഉമ്മറടക്കമുള്ളവരെ പിന്നീട് അറിയിച്ചത്.

മുഖ്യധാരാസിനിമയില്‍ സജീവമാകുമ്പോഴും ക്യാമറക്ക് മുന്നില്‍ സംവിധായകന്റെ നിര്‍ദേശമനുസരിച്ച് നടിക്കുക മാത്രം ചെയ്ത ഒരാളായിരുന്നില്ല ഉമ്മര്‍. സെല്ലുലോയ്ഡില്‍ നിറഞ്ഞാടുമ്പോഴും സര്‍ഗാത്മകമായ ഒരു മനസ്സും തൂലികയും മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു ഇദ്ദേഹമെന്നത് വളരെക്കുറച്ചു പേര്‍ക്കു മാത്രമറിയാവുന്ന കാര്യമാണ് ഇപ്പോഴും. അനേകം ചെറുകഥകള്‍ വരെ എഴുതിയിട്ടുണ്ട്. പഴയ തലമുറയിലെ മുന്‍ നിരയില്‍ നിന്നിരുന്ന സിനിമാ നടന്മാരില്‍ ചെറുകഥയും ലേഖനങ്ങളും ധാരാളമായി എഴുതിയ വ്യക്തികള്‍ വേറെ ഉണ്ടാകില്ല. സുന്ദരമായ ഒരു ഭാഷാശൈലിക്ക്കൂടി ഉടമയായിരുന്നു. ഇതാണ് എം.ടിയുമായി ഉമ്മറിനെ അടുപ്പിച്ചതിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഉമ്മര്‍ ഒരു നാടകം പോലും രചിച്ചിട്ടുണ്ടെന്നറിയുമ്പോഴാണ് അദ്ദേഹത്തിലെ അറിയപ്പെടാത്ത സര്‍ഗാത്മക മുഖം കൂടുതല്‍ ആശ്ചര്യപ്പെടുത്തുക. രോഗികള്‍ എന്ന നാടകം വര്‍ഷങ്ങള്‍ക്ക് മുമ്പ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. നക്‌സലിസത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പീറ്റര്‍മേട്, ഒരു നിസ്സഹായനായ മത പുരോഹിതനെക്കുറിച്ചുള്ള അലവി മുസല്യാര്, ബിമാനം, എന്റെ പ്രിയപ്പെട്ട മകന്‍, അനാവരണം, എല്ലാം ബിരിയാണിയില്‍ അവസാനിക്കുന്നു എന്നിവയാണ് പ്രധാന ചെറുകഥകള്‍. ചെറുപ്പം മുതലെ നാടകവും കോഴിക്കോട്ടെ നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബുമായുള്ള സഹവാസംമൂലവും വായന കൂടപിറപ്പായി മാറിയതുകൊണ്ടാണ് തനിക്ക് എന്തെങ്കിലും എഴുതണമെന്ന തോന്നല്‍ ഉണ്ടായതെന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ളത്. സീനുകള്‍ക്കിടയിലെ ഇടവേളകളില്‍ ലൊക്കേഷനിലെ ബഹളങ്ങള്‍ക്കിടയില്‍ നിന്നല്‍പം മാറിനിന്ന് പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന കെ.പി ഉമ്മര്‍ എന്നത് അറുപതുകളിലും എഴുപതുകളിലുമെല്ലാം പലരെയും ആശ്ചര്യപ്പെടുത്തിയിരുന്ന കാഴ്ചയായിരുന്നുവെന്ന് തിക്കുറിശ്ശി പറഞ്ഞിട്ടുണ്ട്. കൗമാരം പിന്നിടുമ്പോഴേക്ക് വിശ്വസാഹിത്യങ്ങളുടെ മലയാളത്തില്‍ ലഭ്യമായി പരിഭാഷകളില്‍ മിക്കതും ഉമ്മര്‍ വായിച്ചുകഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചവയായിരുന്നു. പതിനാലാം വയസ്സിലാണ് ആദ്യമായി ഉമ്മര്‍ ചെറുകഥ രചിക്കുന്നത്. പേര് വ്യഭിചാരത്തിന്റെ മന:ശാസ്ത്രം.

സിനിമ പോലെ തന്നെ സെവന്‍സ് ഫുട്ബാള്‍ ഗ്രൗണ്ടുകളില്‍ നല്ലൊരു കാല്‍പന്തുകളിക്കാരനുമായിരുന്നു ഇദ്ദേഹം. നടനായില്ലെങ്കില്‍ ഒരു പക്ഷേ നല്ലൊരു ഫുട്ബാള്‍ താരമായി മാറിയേക്കാമായിരുന്നു താനെന്ന് ഉമ്മര്‍ തന്നെ പിന്നീട് എഴുതിയിരുന്നു. കോഴിക്കോട് കോടതി മൈതാനത്ത് ഒളിമ്പ്യന്‍ അബ്ദുറഹിമാനോടൊപ്പം സജീവമായി പന്തുകളിച്ചുനടന്നിരുന്ന കാലവുമുണ്ടായിരുന്നു. ഇന്‍ഡിപെന്‍ഡന്റ്‌സ് എന്നായിരുന്നു ടീമിന്റെ പേര്. ഒളിംപ്യന്‍ റഹ്‌മാന്‍ ക്യാപ്റ്റനും കെ.പി ഉമ്മര്‍ സെക്രട്ടറിയുമായിരുന്നു. കൊയിലാണ്ടിയില്‍വരെ സെവന്‍സ് ടൂര്‍ണമെന്റില്‍പോയി ഗോളടിച്ച് ജനങ്ങളുടെ കൈയടി നേടിയിട്ടുണ്ടായിരുന്നു ആ കാലത്ത് ഉമ്മറിന്റെ കളി. സെവന്‍സ് ടൂര്‍ണമെന്റുകളില്‍ ഉമ്മറിന് ഏറെ ആരാധകര്‍ പോലുമുണ്ടായിരുന്നു. പലപ്പോഴും വിവാദങ്ങളുടെ കൂടെയുണ്ടാകാറുമുണ്ടായിരുന്നു ഉമ്മര്‍. എന്നും സിനിമയെയും സാഹിത്യത്തെയും കലാകാരന്മാരെയുമെല്ലാം അതിരു നിശ്ചയിക്കാതെ നിര്‍ലോഭം പ്രോത്സാഹിപ്പിച്ചിരുന്ന, സാംസ്‌കാരിക കേരളം എന്തുകൊണ്ടോ അരങ്ങിലും വെള്ളിത്തിരയിലും ഒരു കാലഘട്ടത്തിന്റെ താരമായിരുന്ന ഈ സുന്ദരവില്ലനെ പിന്നീട് മറന്നുപോകുന്നതായാണ് അദ്ദേഹം കാലാവശേഷനായി രണ്ടു പതിറ്റാണ്ടാകുമ്പോഴേക്ക് കാണാന്‍ കഴിയുന്നത്. ഈ രണ്ടു പതിറ്റാണ്ടിനിടക്ക് ഒരു പ്രാവശ്യം മാത്രമാണ് അദ്ദേഹത്തിന്റെ സമഗ്രസംഭാവനകളെ അടിസ്ഥാനമാക്കി വിശദമായ ഒരനുസ്മരണ പരിപാടിപോലും അദ്ദേഹത്തിന്റെ മാതൃ നഗരമായ കോഴിക്കോട്ട് നടന്നത്. നഗരത്തിലെ ഒരു റോഡിന് പോലും ഈ നടന്റെ ഓര്‍മക്കായി ഇദ്ദേഹത്തിന്റെ പേരിട്ടിട്ടില്ല. അവസാനം കോഴിക്കോട് കോര്‍പറേഷന്‍ ആനക്കുളം സാംസ്‌കാരിക നിലയത്തിലെ ഹാളുകള്‍ക്കും മറ്റും കോഴിക്കോട്ടുകാരായ കലാസാംസ്‌കാരിക നായകന്മാരുടെ പേരു നല്‍കാന്‍ തീരുമാനിച്ചപ്പോഴും അതില്‍ കെ.പി ഉമ്മറില്ലായിരുന്നു. അടുത്തകാലങ്ങളില്‍ മലയാള സിനിമയിലെത്തിയവരെപോലും പരിഗണിച്ചപ്പോഴും ഉമ്മറിനെ മറന്നുപോയി എന്നതാണ് ഏറ്റവും വേദനാകരമായ ഓര്‍മയായി മാറുന്നത്. ഒരു സമയത്ത് കാക്കത്തൊള്ളായിരം ആളുകളുടെ പടം തൂങ്ങിയിരുന്ന കോഴിക്കോട് ടൗണ്‍ ഹാളിന്റെ ഭിത്തിയില്‍ പോലും ഇതുവരെ ഇദ്ദേഹത്തിന്റെ ഒരു ഛായാ ചിത്രം പോലും അനാഛാദനം ചെയ്യപ്പെട്ടിട്ടില്ല!. ഇദ്ദേഹത്തിന്റെ സതീര്‍ഥ്യരായിരുന്ന പ്രേംനസീറും സത്യന്റെയുമെല്ലാം സംഭാവനകള്‍ പുതിയ കാലത്തിന് പരിചയപ്പെടുത്താനായി സ്മാരകങ്ങള്‍ ഉയരുമ്പോഴാണ് ഇതെന്നതാണ് കൂടുതല്‍ സങ്കടകരമായി മാറുന്നത്.

(കെ.പി ഉമ്മറിന്റെ ജീവിതകഥയായ ഓര്‍മ പുസ്തകത്തിന്റെ എഡിറ്ററാണ് ലേഖകന്‍)