തിരുവനന്തപുരം: അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞ വി.എം സുധീരന് പകരക്കാരനെ കണ്ടെത്തുന്ന വിഷയത്തില്‍ അഭിപ്രായം തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍. കെ. മുരളീധരനും കെ. സുധാകരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി തോമസുമാണ് അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ട്ടി നിയോഗിച്ചാല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ തയാറാണെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി. ചെറുപ്പക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്താന്‍ സാധിക്കുന്നയാള്‍ സംസ്ഥാന നേതൃത്വത്തിലേക്ക് വരണം. അതേസമയം, പ്രവര്‍ത്തകരെ ചലിപ്പിക്കാന്‍ കഴിയുന്ന പുതിയൊരാള്‍ നേതൃത്വത്തിലേക്ക് വരണമെന്നായിരുന്നു കെ.മുരളീധരന്റെ ആവശ്യം. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് സ്ഥാനവും സ്വീകരിക്കുമെന്നായിരുന്നു പി.ടി തോമസ് എം.എല്‍.എയുടെ പ്രതികരണം.

പാര്‍ട്ടി നിശ്ചയിച്ചാല്‍ കെ.പി. സി.സിയെ നയിക്കാനൊരുക്കമാണെന്ന് കെ.സുധാകരന്‍ പറഞ്ഞു. ചെറുപ്പക്കാരില്‍ ആവേശമുണര്‍ത്താന്‍ കഴിയുന്ന നേതൃത്വം വരണം. കെ.പി.സി.സി പ്രസിഡന്റിനെ രണ്ടുദിവസത്തിനകം തീരുമാനിക്കും. താല്‍ക്കാലിക പ്രസിഡന്റായാല്‍പ്പോലും സമയവായത്തിലൂടെ വേണം തെരഞ്ഞെടുപ്പെന്നും സുധാകരന്‍ ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് പറഞ്ഞു.
അതേസമയം, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു കെ.മുരളീധരന്‍ എം.എല്‍.എയുടെ പ്രതികരണം. പ്രവര്‍ത്തകരെ ചലിപ്പിക്കാന്‍ കഴിയുന്ന പുതിയൊരാള്‍ നേതൃത്വത്തില്‍ വരണം. ഗ്രൂപ്പിന് അതീതമായി വേണം പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടത്. ഗ്രൂപ്പ് യാഥാര്‍ത്ഥ്യമാണങ്കിലും ഗ്രൂപ്പ് നോക്കി പ്രസിഡന്റിനെ തീരുമാനിച്ചാല്‍ യുപിയിലെ സ്ഥിതിയായിരിക്കും കേരളത്തിലും. പാര്‍ട്ടി ഉണ്ടെങ്കില്‍ അല്ലേ ഗ്രൂപ്പ് ഉണ്ടാവൂ. പാര്‍ട്ടി രക്ഷപ്പെടണമെങ്കില്‍ ശക്തമായ നേതൃത്വം വേണം. ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുകയാണ് വേണ്ടത്. വി.എം സുധീരന്‍ പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ചില തിരിച്ചടികള്‍ ഉണ്ടായി. അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ഒരാള്‍ വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ എന്നു ചോദിച്ചപ്പോള്‍, താന്‍ ഇതില്‍ കക്ഷിയല്ല എന്നായിരുന്നു പ്രതികരണം. ഒരിക്കല്‍ ഈ സ്ഥാനത്ത് ഇരുന്നതാണ്. ചെയ്യാവുന്ന കാര്യങ്ങള്‍ അന്ന് ചെയ്തതാണ്. ഇനി പുതിയ ആള്‍ക്കാര്‍ വരട്ടെയെന്നും മുരളീധരന്‍ വ്യക്തമാക്കി. സോണിയ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നും താല്‍ക്കാലിക ചുമതല നല്‍കുന്നത് സംബന്ധിച്ച് ഈയാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നും മുരളീധരന്‍ അറിയിച്ചു.
യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നയാളെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. നിലവിലെ ആവശ്യകത മനസിലാക്കി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് സ്ഥാനവും സ്വീകരിക്കുമെന്ന് വ്യക്തമാക്കി പി.ടി തോമസ് എം.എല്‍.എയും രംഗത്തുവന്നു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന പദവിയാണ്. സുധീരന്റെ കാലത്ത് പാര്‍ട്ടിക്ക് കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന പ്രസിഡന്റാണ് വേണ്ടതെന്നും പി.ടി തോമസ് പറഞ്ഞു. ഉറച്ച മതേതരത്വമുഖമുള്ളയാളെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് എം.ഐ ഷാനവാസ് എം.പിയും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വെല്ലുവിളികളെ അതിജീവിച്ചയാളാകണണെന്നും കെ.പി.സി.സി എക്‌സിക്യൂട്ടീവ് പുനഃസംഘടിപ്പിക്കണമെന്നും ഷാനവാസ് ആവശ്യപ്പെട്ടു.