തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംശയനിഴലിലുള്ള മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ഫോണാണ് കസ്റ്റഡിയിലെടുത്തത്. എടപ്പാളിലെ വീട്ടില്‍ നിന്നാണ് ഫോണ്‍ പിടിച്ചെടുത്തത്. കേസില്‍ ഗണ്‍മാന്റെ സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു.

നേരത്തെ, കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണത്തിലായിരുന്നു ജലീലിനെ ചോദ്യം ചെയ്തത്.

മന്ത്രി രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും രാജിവയ്ക്കാന്‍ ജലീല്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മന്ത്രിക്കു പിന്നില്‍ അടിയുറച്ചു നില്‍ക്കുകയാണ്.