പാലക്കാട്: സപ്ലൈക്കോയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് സഞ്ചി വാങ്ങിയതിലും തട്ടിപ്പ്. പാലക്കാട് മങ്കരയിലെ കുടുംബശ്രീ യൂണിറ്റാണ് ഗുണ നിലവാരം കുറഞ്ഞ സഞ്ചിയെത്തിച്ച് തട്ടിപ്പ് നടത്തിയത് എ്‌ന് ആഭ്യന്തര വിജിലന്‍സ് കണ്ടെത്തിയത്. ഒരു സഞ്ചിയില്‍ മാത്രം ഏഴര രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ അഴിമതിക്കേസുകളില്‍ പെട്ട ഒരു കരാര്‍ കമ്പനിയാണ് ഇടപാടില്‍ കരാറുകാരനായി നിന്നത് എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

88 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാനായി ഒരു കോടിയോളം തുണി സഞ്ചിക്കാണ് ടെന്‍ഡര്‍ വിളിച്ചത്. പര്‍ച്ചേഴ്‌സ് ഓര്‍ഡര്‍ കിട്ടിയ കമ്പനി സ്വയം പിന്‍മാറി. ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നു പിന്മാറ്റം. സമയത്തിന് സഞ്ചി കിട്ടിയില്ലെന്ന് പറഞ്ഞ് ഡിപ്പോ തലത്തില്‍ കുടുംബശ്രീയില്‍ നിന്ന് വാങ്ങാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ചില ഇടനിലക്കാര്‍ തമിഴ്‌നാട്ടില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ സഞ്ചിവാങ്ങി കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ സപ്ലൈകോയ്ക്ക് നല്‍കി വന്‍തുക തട്ടിയെടുക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ ആഭ്യന്തര വിജിലന്‍സ് അന്വഷണം നടത്തുകയായിരുന്നു. എ.വി ആര്‍ ക്ലോത്ത് ബാഗ് എന്നപേരില്‍ സഞ്ചി നല്‍കിയ പാലക്കാടെ മങ്കരയിലുള്ള കുടുംബശ്രീ യൂണിറ്റാണ് തട്ടിപ്പ് നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് ആറു രൂപയ്ക്ക് വാങ്ങിയ സഞ്ചി സപ്ലൈകോയ്ക്ക് നല്‍കിയത് 13.50 രൂപയ്ക്കാണ്. പാലക്കാട്ടെ വിവിധ ഡിപ്പോകളിലായി അന്‍പതിനായിരത്തോളം സഞ്ചികളിലാണ് തട്ടിപ്പ് നടന്നത്. സപ്ലൈകോയ്ക്ക സാധനങ്ങള്‍ വിതരണം ചെയ്യുന്ന മരിയന്‍സ് സ്‌പൈസസ് എന്ന സ്ഥാപനമാണ് ഇടനില നിന്നത് എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.