ബംഗളൂരു: കര്‍ണാടകയില്‍ ഒപ്പം നില്‍ക്കാന്‍ പാര്‍ട്ടി എം.എല്‍.എമാരെ
ബി.ജെ.പി സമീപിച്ചുവെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ബി.ജെ.പി  നൂറ് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ്സും ബി.ജെ.പിയും തന്നെ സര്‍ക്കാരുണ്ടാക്കുണ്ടാന്‍ വിളിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ കുമാരസ്വാമി കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാനാണ് തന്റെ തീരുമാനമെന്നും അറിയിച്ചു.

ജെ.ഡി.എസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റേണ്ടതിന്റെ ആവശ്യമില്ല. ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെങ്കില്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ ഞാന്‍ സംരക്ഷിക്കും. ബി.ജെ.പിയില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു. നേരത്തെ, ബി.ജെ.പിയുമായുണ്ടാക്കിയ കൂട്ടുകെട്ട് വലിയ തെറ്റായിരുന്നു. ഇനിയും അച്ഛന്റെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. ബി.ജെ.പി എം.എല്‍.എമാര്‍ തന്റെ കൂടെ പോരുന്നതോടെ ബി.ജെ.പിയുടെ ഓപ്പറേഷന്‍ കമല വിജയിക്കും. ജെ.ഡി.എസില്‍ നിന്നൊരാളെ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ രണ്ടുപേരെ ബി.ജെ.പിയില്‍ നിന്ന് താന്‍ വലിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. കുതിരക്കച്ചടവത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു തീരുമാനവും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കുനിന്നാരംഭിച്ച ബി.ജെ.പിയുടെ അശ്വമേധയാത്ര കര്‍ണാടകയിലെത്തിയപ്പോള്‍ അവസാനിച്ചു. പ്രതിപക്ഷ നേതാക്കളെ തകര്‍ക്കല്‍ ലക്ഷ്യം വെച്ച് മോദി സര്‍ക്കാര്‍ സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. അധികാരം തനിക്ക് പ്രധാനപ്പെട്ടതല്ല. രാജ്യത്തിന്റെ അസന്തുലിതാവസ്ഥ പരിഹരിക്കലാണ് തന്റെ ആവശ്യമെന്നും കുമാരസ്വാമി പറഞ്ഞു.

ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് 100 കോടി വീതം ബി.ജെ.പി വാഗ്ദാനം ചെയ്തു. ഈ കള്ളപ്പണം എവിടെ നിന്ന് വരുന്നു? പാവപ്പെട്ട ജനങ്ങളുടെ രക്ഷകര്‍ ഇവരാണ്. ആദായ നികുതി ഉദ്യോഗസ്ഥര്‍ എവിടെയാണെന്നും കുമാരസ്വാമി ചോദിച്ചു. ജനങ്ങള്‍ക്ക് 15ലക്ഷം നല്‍കാമെന്ന് പറഞ്ഞ് പരാജയപ്പെട്ട മോദിയാണോ തന്റെ എം.എല്‍.എമാര്‍ക്ക് 100കോടി നല്‍കാമെന്ന് പറയുന്നതെന്നും കുമാരസ്വാമി ചോദിച്ചു.