കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനചടങ്ങില്‍ പ്രോട്ടോകോള്‍ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കന്നി മെട്രോ യാത്രയിലാണ് പ്രോട്ടോകോള്‍ ലംഘിച്ച് കുമ്മനം പ്രധാനമന്ത്രിക്കൊപ്പം ചേര്‍ന്നത്. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളില്‍ മാറ്റം വരുത്തിയാണ് കുമ്മനം മെട്രോയില്‍ യാത്ര ചെയ്തത്. സംസ്ഥാന പ്രതിപക്ഷ നേതാവിനോ എംഎല്‍എമാര്‍ക്കോ എംപിമാര്‍ക്കോ പോലും ക്ഷണമില്ലാത്ത മെട്രോ യാത്രയില്‍ കുമ്മനം കയറിപ്പറ്റിയത് വിവാദമായിട്ടുണ്ട്.
സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് മെട്രോമാന്‍ ഇ.ശ്രീധരനു പോലും വേദിയില്‍ ഇടം നിഷേധിച്ചിരുന്നു. ഇതെല്ലാം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കൊപ്പം കുമ്മനം യാത്ര ചെയ്തത്.
പ്രധാനമന്ത്രിയുടെ സുരക്ഷ ഏറെ ചര്‍ച്ച ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതിന് കുമ്മനം, സുരേഷ് ഗോപി എം.പി തുടങ്ങി നിരവധി പേര്‍ വിമാനത്താവളത്തിലെത്തിയതും വിവാദമായിട്ടുണ്ട്. അതേസമയം കുമ്മനം വലിഞ്ഞുകയറിയാണ് പ്രധാനമന്ത്രിക്കൊപ്പം കൂടിയതെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആദ്യമുണ്ടായ വിവാദങ്ങള്‍ മുതല്‍ കുമ്മനത്തിന്റെ ഇപ്പോഴത്തെ മെട്രോ യാത്രയും വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും നല്‍കുന്നതെന്ന ആക്ഷേപവും സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നുണ്ട്.