തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയായേക്കുമെന്ന് സൂചന. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് വി മുരളീധരനും നിര്‍ദ്ദേശക്കപ്പെടുന്നുണ്ടെങ്കിലും കുമ്മനത്തിനാണ് കൂടുതല്‍ സാധ്യതയെന്ന് ഉന്നത ബിജെപി വൃത്തങ്ങള്‍ പറയുന്നു.

മന്ത്രിസ്ഥാനത്തില്ലെങ്കിലും ദേശീയ പദവികളിലേക്ക് വി മുരളീധരനെ ഉയര്‍ത്തുന്നതിനും സാധ്യതയുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് പദവിയോ മരളീധരന് ലഭിക്കും. നിലവില്‍ സംസ്ഥാന അധ്യക്ഷനായ കുമ്മനത്തെ കേന്ദ്രനേതൃത്വത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ സംസ്ഥാന നേതൃത്വത്തിലും മാറ്റങ്ങള്‍ ഉണ്ടായിരിക്കും. സുരേഷ്‌ഗോപി, പികെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍,കെപി ശ്രീശന്‍,പിഎസ് ശ്രീധരന്‍പിള്ള എന്നിവരുടെ പേരുടെ സംസ്ഥാന നേതൃത്വത്തില്‍ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ധാരണയായിട്ടില്ല.

നിലവില്‍ പ്രഖ്യാപിച്ച അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുശേഷമായിരിക്കും പുതിയ പദവികള്‍ പ്രഖ്യാപിക്കുക. കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിലും കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.